Mon. Dec 23rd, 2024

കളമശേരി:

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ സലീം പൊലീസിൽ പരാതി നൽകി. പരാതിയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയുടെ വീഴ്ചകൾ തുറന്നു പറഞ്ഞതോടെ സമൂഹമാധ്യമങ്ങളിലൂടെ താൻ ആക്രമണത്തിന് ഇരയാകുകയാണെന്നും ഒരു ആക്രമണം ഉണ്ടായേക്കുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ചാണ് ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.  ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ പരാതിയിൽ പറയുന്നു.

തനിക്ക് കെഎസ്‍യുവുമായി ബന്ധമുണ്ടെന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നു.  രാഷ്ട്രീയ താൽപര്യത്തിലാണ് ഈ പ്രതികരണമെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളിലും വ്യക്തികളുടെ പേജുകളിലുമുള്ള പ്രചാരണം. ഇത് വസ്തുതാ വിരുദ്ധമാണ്. ഇത്തരം വ്യാജ പ്രചരണങ്ങൾ തന്നെ മാനസികമായി തളർത്തുന്നുണ്ട്. നിയമത്തിൽ വിശ്വാസമുള്ളതിനാലാണ് ഈ പരാതി നൽകുന്നത്. ഇതിൽ അന്വേഷിച്ച് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ഡോ. നജ്മയുടെ ആവശ്യം.

ദേശാഭിമാനിയുടെ പേര് പരാതിയിൽ എടുത്തു പറയുന്നുണ്ട്. സിഐടിയു കളമശ്ശേരി ഗവണ്മെൻ്റ് നഴ്സസ് യൂണിയൻ്റെ ഫേസ്ബുക്ക് കൂട്ടായ്മ, സുധീർ കെ എസ് എന്ന വ്യക്തി തുടങ്ങിയവരെയൊക്കെ പരാതിയിൽ പേരെടുത്ത് നജ്മ പരാമർശിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, കളമശേരി മെഡിക്കൽ കോളേജില്‍ കൊവിഡ് രോഗികള്‍ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ സംമ്പന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി  റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോർട്ടും മൂന്നാഴ്ചക്കുള്ളിൽ ലഭിക്കണം.

സംഭവം സംബന്ധിച്ച് പുറത്തു വന്ന ശബ്ദരേഖകൾ ശ്രദ്ധയിൽപ്പെട്ടതായി  കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആരോപണങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. കേസ് നവംബർ 21 ന് പരിഗണിക്കും. പൊതുപ്രവർത്തകനായ നൗഷാദ് തെക്കേയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

By Binsha Das

Digital Journalist at Woke Malayalam