Fri. Nov 22nd, 2024

കൊച്ചി:

ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

കൊച്ചി ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം നടത്തി വരികയായിരുന്ന സജ്നയെ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ കച്ചവടം നടത്താൻ അനുവദിക്കാതിരിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് സജ്‌ന വാർത്തകളിൽ നിറയുന്നത്. തന്റെ വേദനകൾ സജ്‌ന ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. അതിന് പിന്നാലെ, ആരോഗ്യമന്ത്രി അടക്കം നിരവധി പേർ സജ്‌നയ്ക്ക് സഹായവും പിന്തുണയുമായി രംഗത്തേക്ക് എത്തിയിരുന്നു.

ഈ സമയമാണ്, ജനങ്ങളെ കബിളിപ്പിച്ച് പണം തട്ടാനുള്ള ശ്രമമാണ് സജ്‌ന നടത്തിയതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഒരു വോയിസ് ക്ലിപ്പ് അടക്കം വാർത്തകൾ പ്രചരിക്കുന്നത്. സജ്നയും സുഹൃത്തും ഇതിലൂടെ പതിനഞ്ച് ലക്ഷം രൂപ വരെ സമ്പാദിക്കണം എന്ന നിലയിൽ സംസാരിക്കുന്നതായിരുന്നു വോയിസ് ക്ലിപ്പിന്റെ ഉള്ളടക്കം.

എന്നാൽ, തന്നെ ദ്രോഹിക്കാൻ വേണ്ടി മനപ്പൂർവം ചിലർ തന്റെ ഫോൺ സംഭാഷണം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് സജ്‌ന പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജ്‌ന പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യമാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ്‌ ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങൾ എന്നെ ആക്ഷേപിക്കുകയുണ്ടായി, അതിന്റെ പരിപൂർണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തിൽ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്, തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം, ഞാൻ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാൻ നിക്ഷേധിക്കുന്നില്ല എന്നാൽ മുഴുവൻ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ്‌ ചെയ്ത് പ്രചരണം നടക്കുന്നത്, തന്നെ പോലെ തന്നെ കഷ്ടതകൾ അനുഭവിക്കുന്ന സഹപ്രവർത്തകയ്ക്ക് തനിക്ക് കിട്ടുന്നതിൽ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത് സഹായിക്കാൻ കാണിച്ച മനസ്സിനെയാണ് നിങ്ങൾ കരയിച്ചത്, ഇനി ഞാൻ എന്താ വേണ്ടേ മരിക്കണോ, അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ ചെയ്ത് കൂടെയുള്ളവർക്ക് തൊഴിലും നൽകി, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരവും നൽകിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല, വാടകയ്ക്കാണ് കഴിയുന്നത്, ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യസ്ത്രീയാണ്, സമൂഹത്തിൽ എനിക്കും ജീവിക്കാൻ അവകാശമില്ലേ?

ഇതിന് പിന്നാലെയാണ്, സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്. ദുഷ്പ്രചാരണങ്ങളിൽ മനംനൊന്താണ് സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം.

By Arya MR