Thu. Jan 23rd, 2025

തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു വിധേയനാകാനിരിക്കേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്‌ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിനു ശേഷമാണ്‌ നടപടി. വെള്ളിയാഴ്‌ച വരെ അറസ്റ്റ്‌ പാടില്ലെന്ന്‌ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

കിടത്തിച്ചികിത്സ ആവശ്യമില്ലെന്നാണ്‌ മെഡിക്കല്‍ ബോര്‍ഡ്‌ വിലയിരുത്തല്‍. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നു പറഞ്ഞ അദ്ദേഹത്തിന്റെ നടുവേദന ഗുരുതരമല്ലെന്നും വേദനസംഹാരികള്‍ മതിയെന്നുമാണ്‌ നിര്‍ദേശം. വെള്ളിയാഴ്‌ച കേസ്‌ പരിഗണിക്കുമ്പോള്‍ വിശദമായി വാദം കേള്‍ക്കുമെന്നും അപ്പോള്‍ കസ്‌റ്റംസ്‌ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. കസ്‌റ്റംസ്‌ തന്നെ രാഷ്ട്രീയക്കളിയില്‍ കരുവാക്കുകയാണെന്നും ക്രിമിനലിനെപ്പോലെയാണ്‌ പരിഗണിക്കുന്നതെന്നുമാണ്‌ ശിവശങ്കറിന്റെ വാദം.