കൊച്ചി:
സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്‌ച വരെ ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിനെതിരേ ചുമത്തിയ കേസില്‍ വെള്ളിയാഴ്‌ചക്കകം കസ്‌റ്റംസ് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്.
കേസില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയക്കളിയിലെ കരുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കസ്‌റ്റംസ് തന്നെ ക്രിമിനലിനെപ്പോലെയാണ് പരിഗണിക്കുന്നത്. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനും മുമ്പില്‍ ഹാജരാകാമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ശിവശങ്കറിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഹൃദ്രോഗമോ മറ്റു രോഗങ്ങളോ ഇല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് കസ്റ്റംസ് വാദിച്ചു. അദ്ദേഹം നല്‍കിയ മൊഴികള്‍ പലതും കളവാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.