Fri. Jan 3rd, 2025
പത്തനംതിട്ട:

 
മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത (89) അന്തരിച്ചു. അർബുദരോഗത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ‌വെച്ചാണ് അന്തരിച്ചത്. 2007 മുതൽ മാർത്തോമ സഭയുടെ പരമാധ്യക്ഷനാണ്.

സഭയുടെ ഉന്നതസ്ഥാനത്ത് പതിമൂന്നു വർഷം പൂർത്തിയാക്കിയിരുന്നു. പാലക്കുന്നത്ത് തറവാട്ടിൽ 1931 ജൂൺ 27 നാണ് അദ്ദേഹം ജനിച്ചത്. കോഴഞ്ചേരിയിലും ആലുവയിലും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബെംഗളൂരുവിൽ നിന്ന് തിയോളജി ബിരുദം കരസ്ഥമാക്കി. 1957 ൽ ശെമ്മാശപട്ടവും കശീശ പട്ടവും നേടി.

1975 ൽ എപ്പിസ്കോർപ്പയായി. 1999ൽ മെത്രാപ്പൊലീത്തയായി. 2007 ലാണ് സഭയുടെ പരമാധ്യക്ഷസ്ഥാനം സ്വീകരിക്കുന്നത്. സാംസ്കാരിക, സന്നദ്ധപ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന അദ്ദേഹം ഒട്ടേറെ ദുരിതാശ്വാസപ്രവർത്തനങ്ങളിലും അവകാശസമരങ്ങളിലും പങ്കാളിയായി.