Wed. Jan 22nd, 2025
പത്തനംതിട്ട:

 
ശബരിമല വിമാനത്താവളത്തിനായി നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ കോട്ടയം കളക്ടറെ ചുമതപ്പെടുത്തി റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ചട്ടങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ കോടതി റദ്ദാക്കിയത്. എന്നാൽ മിച്ചഭൂമി ഏറ്റെടുക്കൽ ചട്ടത്തിന്റെ നടപടി ക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കാം. ഭൂമി ഏറ്റെടുക്കുന്നതിന് ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചല്ല സർക്കാർ നടപടിയെന്നായിരുന്നു അയന ട്രസ്റ്റിന്റെ വാദം. അത് കോടതി അംഗീകരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിൽ മറ്റ് തർക്കങ്ങൾ ഉന്നയിക്കാത്തതുകൊണ്ട് നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന് ഭൂമി ഏറ്റെടുക്കാം. പിന്നീട് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാം.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി പിഎച്ച്‌ കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൊ​ച്ചി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ശൈലിയിൽ പൊ​തു, ​സ്വ​കാ​ര്യ പങ്കാളിത്ത സം​രം​ഭമായി ശബരിമല വിമാനത്താവള പദ്ധതിയും ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ശബരിമല വിമാനത്താവളം പണിയുന്നതിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രതിഷേധസമരം നടത്തിയിരുന്നു. സർക്കാരിന്റെ ഈ നീക്കം ഉപേക്ഷിക്കണമെന്നും എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നുമുള്ള ആവശ്യങ്ങളാണ് അവർ അന്ന് മുന്നോട്ടുവെച്ചത്.