Fri. Jan 24th, 2025

തൃശൂര്‍:

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന്  രാവിലെ എട്ടോടെയാണ്‌ അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും മനുഷ്യസ്നേഹത്തിന്‍റെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ്‌ അദ്ദേഹം മലയാളത്തിന്‌ സമ്മാനിച്ചിട്ടുള്ളത്‌.  എട്ടുപതിറ്റാണ്ട് നീണ്ട കാവ്യജീവിതത്തിന് ശേഷമാണ് ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസകാരന്‍ ഓര്‍മ്മയാകുന്നത്.

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.  1949 ല്‍ 23-ാം വയസ്സില്‍ വിവാഹിതനായി. ഭാര്യ പട്ടാമ്പി ആലമ്പിള്ളി മനയിൽ ശ്രീദേവി അന്തര്‍ജനം.  മക്കള്‍: പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. സഹോദരൻ അക്കിത്തം നാരായണൻ പാരിസിൽ താമസിക്കുന്ന  പ്രശസ്തനായ ചിത്രകാരനും ശില്പിയും ആണ്.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. അക്കിത്തം കവിതകൾ നിരവധി ഭാരതീയ, വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

മൂർത്തിദേവി പുരസ്‌കാരം, എഴുത്തച്ഛൻ അവാർഡ്‌, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌, കേരള സാഹിത്യഅക്കാദമി അവാർഡ്‌, വയലാർ അവാർഡ്‌, കബീർസമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഇടതുസംഘടനകളുമായി സജീവബന്ധം പുലർത്തി അദ്ദേഹം. ഇഎംഎസ്സുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്.
ഇരുപത്തിയാറാം വയസ്സിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എഴുതിയത്. ഹിംസാത്മകമായ സമരങ്ങളെ, ഇടതുപക്ഷമുന്നേറ്റം നടന്ന കാലഘട്ടത്തിൽ എതിർത്തതോടെ, അക്കിത്തത്തെ ഇടതുപക്ഷവിരുദ്ധനായി മുദ്രകുത്തിയവരുണ്ടായി. കമ്മ്യൂണിസത്തിനെതിരായിരുന്നില്ല, ആ കവിത ഹിംസയ്ക്ക് എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറ‌ഞ്ഞിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam