മലയാളത്തിലെ മഹാകവികളുടെ നീണ്ട പട്ടികയില്‍ ഇത്രയും കാലം നമ്മോടൊപ്പം ഉണ്ടായിരുന്ന ഏക കവിയായായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരി. മാനവികതാവാദവും അഹിംസാവാദവും അന്തർധാരയായ അക്കിത്തത്തിന്‍റെ കവിതകൾ മനുഷ്യ സങ്കീർത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. ക്രാന്തദര്‍ശിത്വത്തില്‍ ഊന്നിയ അക്കിത്തതിന്‍റെ കവിതകള്‍ എന്നും കാലത്തോട് സംവദിക്കുന്നതായിരുന്നു. തന്‍റെ മനഃസാക്ഷിക്കനുസരിച്ച് കാലത്തോട് പ്രതികരിച്ച അക്കിത്തം മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.
‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം,ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമ്മലപൗർണ്ണമി’ എന്ന അക്കിത്തത്തിന്‍റെ വരികള്‍ അന്വര്‍ത്ഥമാക്കുന്നത് മനുഷ്യ സ്നേഹത്തിന്‍റെ ഊഷ്മളതയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന കൃതിയിലെ വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന വരികളും ഏതൊരു കാലഘട്ടവും ഏറ്റു ചൊല്ലുന്നതാണ്. ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ’ എന്നു തുടങ്ങിയ വരികള്‍ എല്ലാ തലമുറകള്‍ക്കും സുപരിചിതമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറുന്ന കാലത്തിൻറെ മാറുന്ന സാമൂഹ്യവ്യവസ്ഥിതിയോടുള്ള പൊരുത്തംകെട്ട കാഴ്ചകളോടുള്ള കലഹമാണ് ഈ വരികള്‍.
1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്‍റെയും മകനായാണ് അക്കിത്തത്തിന്‍റെ ജനനം. കുട്ടിക്കാലത്ത് ചിത്രകലയില്‍ ആയിരുന്നു അദ്ദേഹത്തിന് അഭിരുചി. പിന്നീട് യാദൃഷ്ടികമായാണ് ആ അഭിരുചി കവിതയിലേക്ക് വഴിമാറുന്നത്. അമ്പലച്ചുമരിൽ കരിക്കട്ടകൊണ്ടുവരച്ച വികൃതചിത്രങ്ങൾക്കുള്ള ഒരു താക്കീത് എന്നനിലയിൽ ആയിരുന്നു ആ എഴുത്ത്. എട്ടാം വയസ്സിലായിരുന്നു എഴുത്തിന്‍റെ ലോകത്തേക്ക് ആ കാല്‍വെയ്പ്പ്. ‘അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്ക്കുകിൽ വമ്പനാമീശ്വരൻ വന്നിട്ടെമ്പാടും നാശമാക്കിടും’ എന്ന് അക്കിത്തം എഴുതിയപ്പോള്‍ കൂട്ടുകാര് പറയുകയുണ്ടായി ഇത് കവിതയായിട്ടുണ്ടല്ലോയെന്ന് അങ്ങനെയാണ് ആ മഹാകവിയുടെ ഉദയം.
തേഡ് ഫോറത്തിൽ പഠിക്കുന്ന കാലത്ത് കുട്ടിക്കൃഷ്ണമാരാർക്ക് അക്കിത്തം കവിതകള്‍ അയച്ചുകൊടുത്തു. ഒരെണ്ണം വെളിച്ചം കണ്ടെങ്കിലും പിന്നീട് അയച്ചതൊന്നും പ്രസിദ്ധപ്പെടുത്തിയില്ല. പെണ്ണുങ്ങളുടെ പേരുവച്ച് അയയ്ക്കൂ. നല്ല പ്രോത്സാഹനം കിട്ടുമെന്ന ഒരു സുഹൃത്തിന്‍റെ ഉപദേശം ചെവിക്കൊണ്ട് അക്കിത്തം സംസ്കൃതത്തിൽനിന്ന് ഒരു കവിത തർജമ ചെയ്തു കെ.എസ്.സരോജിനി എന്ന പേരിൽ മാരാർക്കയച്ചു. താനൊരു ദരിദ്ര വിദ്യാർഥിനിയാണെന്നും ദയവായി കവിത പ്രസിദ്ധീകരിക്കണമെന്നുമുള്ള അഭ്യർഥനയും ആമുഖമായി വച്ചതോടെ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. കെ എസ് സരോജിനി അക്കിത്തമായിരുന്നുവെന്ന് മരണം വരെ കുട്ടിക്കൃഷ്ണമാരാർക്ക് അറിയില്ലായിരുന്നു. അക്കിത്തത്തിന് ആ സത്യം വെളിപ്പെടുത്താന്‍ ധൈര്യം ലഭിച്ചിരുന്നില്ല. അക്കിത്തത്തിന്‍റെ ആദ്യ കവിതാ സമാഹരം പുറത്തിറങ്ങിയത് 1944ലാണ്. പേരൊന്നുമിടാതെ മംഗളോദയം പ്രസിലേക്ക് അയച്ച
പത്തു കവിതകൾ അടങ്ങിയ സമാഹാരത്തിന് പേര് നല്‍കിയത് ചങ്ങമ്പുഴ കൃഷ്ണപിള്ളയായിരുന്നു. ‘വീരവാദം– അക്കിത്തം അച്യുതൻ നമ്പൂതിരിയെന്ന രസകരമായ പേരായിരുന്നു നല്‍കിയത്.
മഹാകവി ഇടശ്ശേരി ഗോവിന്ദൻനായരുമായും സാഹിത്യകാരനും സാമൂഹിക പരിഷ്കർത്താവുമായ വി.ടി.ഭട്ടതിരിപ്പാടുമായുള്ള നിരന്തരസംസർഗമായിരുന്നു ഒരർഥത്തിൽ തന്‍റെ സർവകലാശാലയെന്ന് അക്കിത്തം പലകുറി പറഞ്ഞിട്ടുണ്ട്. അവരുണ്ടായിരുന്നില്ലെങ്കിൽ ഞാനില്ല. എനിക്ക് കവിത എന്താണെന്ന് പഠിപ്പിച്ചുതന്നത് ഇടശ്ശേരിയാണ്. മനുഷ്യജീവിതത്തിൽ എവിടെ കുഴിച്ചാലാണ് കണ്ണീരുകിട്ടുക എന്ന് ഇടശ്ശേരി അക്കിത്തത്തെ പഠിപ്പിച്ചു. സാഹിത്യകാരൻ ഒരു സാമൂഹികജീവികൂടിയാണെന്നുള്ള യാഥാര്‍ഥ്യം വി.ടി.യും പകര്‍ന്നു നല്‍കി.
കമ്യൂണിസ്റ്റ് ആശയത്തിലൂന്നിയായിരുന്നു ഒരു കാലത്ത് അദ്ദേഹത്തിന്‍റെ ചിന്താധാര.
ഇടതുസംഘടനകളുമായി സജീവബന്ധം പുലർത്തിയിരുന്നു. ഇഎംഎസ്സുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്. എന്നാല്‍, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഒറ്റക്കവിതയോടെയാണു പുരോഗമനവാദികൾ കവിക്കു നേരെ നെറ്റിചുളിച്ചത്. കാലത്തിനു മുമ്പേ നടന്ന ഒരു കവിക്കു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന അത്ഭുതമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ഇരുപത്തിയാറാം വയസ്സിലാണ് കവി ഈ കൃതി എഴുതുന്നത്. ഒരുപക്ഷേ ലോകസാഹിത്യചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി പുറത്തുവന്ന ആദ്യത്തെ കൃതികൂടിയാണ് ഇതിഹാസം. മലയാള കവിതയിൽ ആധുനികത ആരംഭിക്കുന്നത് അക്കിത്തം 1952 ൽ പ്രസിദ്ധീകരിച്ച ‘ ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം ‘ എന്ന ഖണ്ഡകവ്യത്തിലാണെന്ന് നിരൂപകന്മാർ അഭിപ്രായഭേദമെന്യേ വിലയിരുത്തിയിട്ടുണ്ട്.
സ്നേഹശൂന്യമായ വിപ്ളവത്തിനു നിലനിൽപില്ലെന്നു ദീർഘദർശനം ചെയ്ത കവിതകൂടിയാണിത്. അധർമത്തിന്റെയും അക്രമത്തിന്റെയും വഴിയിലൂടെ മുന്നേറുന്ന വിപ്ലവത്തിന് അൽപായുസ്സ് മാത്രമാണെന്ന് അദ്ദേഹം അടിവരയിട്ടു. ഹിംസാത്മകമായ സമരങ്ങളെ, ഇടതുപക്ഷമുന്നേറ്റം നടന്ന കാലഘട്ടത്തിൽ എതിർത്തതോടെ തന്നെ ഇടതുപക്ഷവിരുദ്ധനായി മുദ്രകുത്തിയവരോട് പറയാനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. കമ്മ്യൂണിസത്തിനെതിരായിരുന്നില്ല, ആ കവിത ഹിംസയ്ക്ക് എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറഞ്ഞിട്ടുണ്ട്.
കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം തന്നെയാണ് അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസ്. ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തെരഞ്ഞെടുത്ത കവിതകൾ, കവിതകൾ സമ്പൂർണം തുടങ്ങിയവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.
മൂർത്തിദേവി പുരസ്‌കാരം, എഴുത്തച്ഛൻ അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, വയലാർ അവാർഡ്, കബീർസമ്മാൻ തുടങ്ങി നിരവധി പുര്സകാരങ്ങള്‍ നേടിയിട്ടുണ്ട്. 2017ല്‍ പത്മശ്രീ പുരസ്കാരവും, 2019ല്‍ ജ്ഞാനപീഠ പുരസ്കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. എന്നെക്കാൾ വലിയ സാഹിത്യകാരന്മാർ മലയാളത്തിലുണ്ടായിട്ടുണ്ട്. ഗുരുക്കന്മാരായ വി.ടി.ഭട്ടതിരിപ്പാടും ഇടശ്ശേരി ഗോവിന്ദൻ നായര്‍ക്കും ലഭിക്കാത്ത ഈ അംഗീകാരം എനിക്കുലഭിച്ചത് എന്റെ ആയുർബലംകൊണ്ടുകൂടിയാണെന്നായിരുന്നു അക്കിത്തം പുഞ്ചിരിയോടെ ജ്ഞാനപീഠം ലഭിച്ചതിന് പിന്നാലെ പറഞ്ഞത്.
ജീവിതത്തിലെ മൂല്യമേറിയ ദിവ്യൗഷധമായാണ് കണ്ണുനീരിനെ അക്കിത്തം പ്രതിഷ്ഠിച്ചത്. അദ്ദേഹത്തിന്‍റെ കവിതകളില്‍ കണ്ണീരിന്‍റെ ഉപ്പുരസം കലര്‍ന്നിരുന്നു. മനുഷ്യമഹത്വദർശനം മറ്റുള്ളവരിലും പ്രതീക്ഷിക്കുന്ന കവിയാണ് അക്കിത്തം. മറ്റുള്ളവർക്കായ് കണ്ണീർക്കണം പൊഴിക്കുമ്പോൾ ഉള്ളിൽ ആയിരം സൗരമണ്ഡലമുദിക്കുന്ന കവി. ഇതോടെ എട്ടുപതിറ്റാണ്ട് നീണ്ട കാവ്യജീവിതം അനുവാചകരില്‍ ഓര്‍മയാകുകയാകുകയാണ്.