Sun. Nov 17th, 2024

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏവരും അമ്പരപ്പോടെ കേട്ട പേരാണ് ‘വാസന്തി’. പോയ വർഷം പ്രേക്ഷകപ്രീതി ഏറ്റുവാങ്ങിയ ഒരുപാട് ചിത്രങ്ങൾ സാധ്യത പട്ടികയിൽ ഉണ്ടായിരുന്നപ്പോൾ ആരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ചിത്രമായ വാസന്തിയാണ് മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കയ്യടക്കിയത്. ഇതുവരെ തീയറ്റർ റിലീസ് ചെയ്തിട്ടില്ലാതിരുന്നതുകൊണ്ട് പലർക്കും ഈ സിനിമ കേട്ട് കേഴ്വി പോലുമുണ്ടായിരുന്നില്ല. 

നടൻ എന്ന നിലയിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ സിജു വിൽസനാണ് ‘വിൽസൺ പിക്ചർസ്’ന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രത്തിലെ നായക വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. റഹ്മാൻ ബ്രതെഴ്സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ,സംവിധാനം, ചിത്രസംയോജനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായ ‘വാസന്തി’യെ അനശ്വരമാക്കിയിരിക്കുന്നത് നടി സ്വാസിക വിജയിയാണ്. താരത്തിന്റെ മികച്ച പ്രകടനത്തിന് മികച്ച സ്വഭാവ നടിയ്ക്കുള്ള അവാർഡും ലഭിച്ചു. ‘വാസന്തി’യ്ക്ക് തിരക്കഥ ഒരുക്കിയ ഷാഹുൽ അലിയാർ ആണ് മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്. 

ജീവിതത്തിന്റെ പച്ചയായ സന്ദർഭങ്ങളെ ഒപ്പിയെടുക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്ന വാസന്തി എന്ന ഈ ചിത്രം  ഒരു നവദമ്പതികളുടെ ജീവിതത്തെ ഇതിവൃത്തമാക്കിയിട്ടുള്ളതാണ്. ചിത്രത്തിന് വേണ്ടി അയലൂർ മണി ആശാനും സംഘവും ഒരുക്കിയ ‘ലാ ലാ ലീ’ എന്നുതുടങ്ങുന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ ശബരീഷ് വർമ്മ, മധു ഉമാലയം, ഹരി, ശിവാജി ഗുരുവായൂർ എന്നിവരാണ്  മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അഭിലാഷ് ശങ്കറാണ്.

അമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിൽ ഇടംപിടിച്ച ‘കെഞ്ചിറ’ എന്ന ചിത്രമാണ് മികച്ച രണ്ടാമത്തെ ചിത്രമായി അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരക്‌സാരത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടിലെ പണിയ ഭാഷയിലാണ് സംവിധായകൻ മനോജ് കാന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.  കേരളത്തിലെ അരികുവത്ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതം ആവിഷ്‌ക്കരിക്കുകയാണ് ഈ ചിത്രം.  ആദിവാസികള്‍ അനുഭവിക്കുന്ന അവഗണന അതിഭാവുകത്വങ്ങൾ തീരെയില്ലാതെ അവതരിപ്പിച്ച കെഞ്ചിറ 24ാമത് ഐഎഫ്എഫ്കെയില്‍ നിറഞ്ഞ കയ്യടിയോടെയാണ് പ്രദര്‍ശിപ്പിച്ചത്. ആദിവാസി സമൂഹത്തിന് അർഹമായ സംവരണം പക്ഷെ  അവർക്ക് പ്രയോജനപ്പെടാതെ  പോകുന്നതിനെ കുറിച്ചാണ് ആദിവാസി സമൂഹത്തിൽ പ്രവർത്തിക്കുന്ന മനോജ് കാന ഈ ചിത്രത്തിലൂടെ സംവദിക്കുന്നത്. പ്രതാപാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ജോയ് മാത്യു ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നു.

വാണിജ്യ സിനിമകൾക്ക് ഒപ്പം സമാന്തര ചിത്രങ്ങൾക്കും പരിഗണനയും അംഗീകാരവും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ലഭിച്ചുവെന്ന് ഈ രണ്ട് ചിത്രങ്ങളും  വെളിവാക്കുന്നു. 

 

By Arya MR