Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്കൂൾ, പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് എന്നീ പദ്ധതികളാണ് നടപ്പിലാക്കിയത്. ഈ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്നു രാവിലെ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഹൈടെക്‌ ക്ലാസ്‌ മുറി പദ്ധതിയിൽ 4752 സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളിൽ എട്ടുമുതൽ 12 വരെയുള്ള 45,000 ക്ലാസ്‌ മുറി ഹൈടെക്‌ ആക്കി. പ്രൈമറി വിദ്യാലയങ്ങൾ (എൽപി, യുപി) ഡിജിറ്റലാക്കുന്നതിന്‌ സ്‌കൂൾതലത്തിൽ മുഴുവൻ സൗകര്യങ്ങളുമുള്ള ഹൈടെക്‌ ലാബുകൾ‌ സ്ഥാപിച്ചു‌. ഒന്നുമുതൽ ഏഴുവരെ ക്ലാസുള്ള 11,275 സ്‌കൂളിലും പദ്ധതി നടപ്പാക്കി.

കൈറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌ ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്‌. പദ്ധതിക്ക്‌ അടിസ്ഥാന സൗകര്യമൊരുക്കാൻമാത്രം 730 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ഇതിൽ 595 കോടി രൂപ കിഫ്ബി മുഖേനയാണ്.