Fri. Nov 22nd, 2024
ന്യൂഡൽഹി:

 
ഹാഥ്‌രസ്സിൽ നടന്ന കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഞ്ഞടിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷകക്ഷികൾ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് അവർ രാഷ്ട്രീയം കളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.

“ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആളുകൾ ഇപ്പോഴും അത് ചെയ്യുന്നു,” ആദിത്യനാഥ് പറഞ്ഞു. “അവർക്ക് വികസനം കാണാൻ കഴിയില്ല, അതിനാൽ അവർ പുതിയ ഗൂഢാലോചനകൾ നടത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു വ്യക്തിയുടെ മരണത്തിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ നോക്കുന്നവരെ ഓരോരുത്തരും തിരിച്ചറിയണം,” ആദിത്യനാഥ് പറഞ്ഞു.

നിരവധി പ്രതിപക്ഷ നേതാക്കൾ കൂട്ടമാനഭംഗത്തിൽ മരിച്ച യുവതിയുടെ കുടുംബത്തെ കാണാൻ ഹാഥ്‌രസ് സന്ദർശിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.