Wed. Nov 6th, 2024
മുംബൈ:

 
ഹാഥ്‌രസ്സിൽ മാനഭംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഭിനേത്രിയായ കങ്കണ റാണാവത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുകയും, ഹാഥ്‌രസ്സിലെ ഇരയുടെ കുടുംബത്തെ ദൈവത്തിന്റെ കാരുണ്യത്തിൽ വിടുകയും ചെയ്തുവെന്നാണ് സാ‌മ്‌നയിൽ പറയുന്നത്.

കേസിൽ ആരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ഉത്തർപ്രദേശ് സർക്കാരിനെതിരെ ശിവസേന രൂക്ഷവിമർശനം ഉന്നയിച്ചു. ബലാത്സംഗക്കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സർക്കാർ സിബിഐ അന്വേഷണമാണ് ശുപാർശ ചെയ്യുന്നതെന്ന് ശിവസേന പറഞ്ഞു.

ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും സർക്കാർ തിടുക്കത്തിൽ കേസ് സിബിഐക്ക് കൈമാറിയത് കേസിലെ പോരായ്മകൾ മറയ്ക്കാൻ വേണ്ടിയാണെന്നും സാ‌മ്‌ന ലേഖനത്തിൽ പറയുന്നു.