ന്യൂഡൽഹി:
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സംഘടനയുടെ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഇന്ത്യയിൽ എട്ടു വർഷത്തെ സേവനത്തിനു ശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കാൻ അവർ നിർബ്ബന്ധിതരായത്. ഓർഗനൈസേഷന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ സമീപകാല നീക്കം 150 ഓളം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടുത്തുന്നത്.
വിദേശ സംഭാവന നിയന്ത്രണ നിയമം (Foreign Contribution Regulation Act എഫ്‌സിആർഎ) ലംഘിച്ചുവെന്നാരോപിച്ച് 2019 നവംബർ 5 ന് സമർപ്പിച്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ എഫ്‌ഐആറിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ വർഷം പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ (Prevention of Money Laundering Act)നിയമവും ചുമത്തിയിട്ടുണ്ട്.
“2020 സെപ്റ്റംബർ 10 ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പൂർണ്ണമായും മരവിപ്പിച്ചതായി അറിഞ്ഞതുകാരണം, മനുഷ്യാവകാശ സംഘടനയുടെ ഭൂരിഭാഗം ജോലികളും നിർത്തേണ്ടി വന്നിരിക്കുകയാണ്.” ആംനസ്റ്റി ഇന്റർനാഷനലിന്റെ പത്രക്കുറിപ്പിൽ പറയുന്നു.