ന്യൂഡെല്‍ഹി:
സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ചരക്ക് സേവന നികുതി (ജിഎസ്‌ടി) നഷ്ടപരിഹാര ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ട്. ജിഎസ്‌ടി നിയമം ലംഘിച്ചാണ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട 47,272 കോടിരൂപ കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ(സിഎഫ്‌ഐ)യില്‍ നിലനിര്‍ത്തുകയും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017ലെ ജിഎസ്‌ടി നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിത്.
ജിഎസ്‌ടി നഷ്ടപരിഹാര നിയത്തിലെ വ്യവസ്ഥ പ്രകാരം ഒരു വര്‍ഷം സമാഹരിക്കുന്ന സെസ് പൂര്‍ണമായി ജിഎസ്‌ടി നഷ്ടപരിഹാര ഫണ്ടിലേക്ക് മാറ്റണം. ഇത് സംസ്ഥാനങ്ങളുടെ റവന്യു നഷ്ടം പരിഹരിക്കാനായി നല്‍കുകയും വേണം.
2018-19 വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഈ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ ബഡ്‌ജറ്റില്‍ 90000 രൂപ വക കൊള്ളിച്ചിരുന്നു. ജിഎസ്‌ടി നഷ്ട പരിഹാര സെസ് ആയി 95,081 കോടി രൂപ പിരിച്ചെടുക്കുകയും ചെയ്‌തു.
എന്നാല്‍ 54,275 കോടി രൂപ മാത്രമാണ് ഫണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഫണ്ടില്‍ നിന്ന് ഓപ്പണിംഗ് ബാലന്‍സ് ആയ 15,000 കോടി രൂപ ഉള്‍പ്പെടെ 69,725 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയത്. 35725 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയില്ല.
കോവിഡ് മൂലം നികുതി വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയില്ല എന്നായിരുന്നു പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. സംസ്ഥാനങ്ങളുടെ വരുമാനത്തിലെ ഇടിവ് നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പയെടുക്കാനും അവര്‍ നിര്‍ദ്ദേശിച്ചു.
നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കുമെന്നും ധനമന്ത്രി പിന്നീട് തിരുത്തി.