Mon. Dec 23rd, 2024

മറയൂര്‍:
പെട്ടിമുടിയില്‍ 70 പേര്‍ മരിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ഇനിയും കര കയറിയിട്ടില്ല ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍. അത്തരം ഒരു ദുരന്തം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ്‌ പെട്ടിമുടിയില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെയുള്ള വാഗുവരൈ എസ്‌റ്റേറ്റ്‌ ലക്കം ന്യൂ ഡിവിഷനിലെ ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍. ലയങ്ങള്‍ക്ക്‌ മുകളില്‍ അപകടകരമായ തരത്തില്‍ ഉണ്ടായിരിക്കുന്ന വിള്ളലുകളാണ്‌ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലാക്കിയിരിക്കുന്നത്‌.

കഴിഞ്ഞ ആഴ്‌ച്ചയിലുണ്ടായ കനത്ത മഴയില്‍ മണ്ണ്‌ നീങ്ങിയതോടെയാണ്‌ വിള്ളലുകള്‍ രൂപപ്പെട്ടത്‌. 700ലേറെ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ പ്രളയത്തിലുണ്ടായ വിള്ളല്‍ തേയിലത്തോട്ടത്തിനുള്ളില്‍ ആയിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. മഴ കനത്തതോടെ വിള്ളല്‍ വലുതാകുകയായിരുന്നു. അഞ്ച്‌ അടിയിലധികം മണ്ണിടിഞ്ഞ്‌ താഴ്‌ന്നിട്ടുണ്ട്‌.

മഴ തുടര്‍ന്നാല്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ ഇടിഞ്ഞ്‌ മണ്ണിനടിയില്‍ പെടുമോ എന്നാണ്‌ തൊഴിലാളികളുടെ ആശങ്ക. 15 ലയങ്ങളിലായി 150 തോട്ടം തൊഴിലാളി കുടുംബങ്ങളാണ്‌ ഇവിടെ കഴിയുന്നത്‌. രാത്രികളില്‍ മഴ കനത്താല്‍ പെട്ടിമുടിയിലെ ദുരന്തത്തിന്റെ ഭീതി വേട്ടയാടുകയാണെന്ന്‌ തൊഴിലാളികള്‍ പറയുന്നു.

പെട്ടിമുടി ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന്‌ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ജില്ലാ കളക്ടര്‍ക്കും റവന്യു വകുപ്പിനും പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന്‌ അവര്‍ പരാതിപ്പെടുന്നു.