Thu. Jan 23rd, 2025
കൊച്ചി:

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടക്ക് സമീപത്തെ കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.  തമിഴ്നാട്  സേലം സ്വദേശി പെരിയണ്ണന്‍, ശ്യാമരാജ നഗർ സ്വദേശി ധനപാലൻ എന്നിവരാണ് മരിച്ചത്.

പാറമടക്ക് സമീപം വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം സംഭവിച്ചത്. കെട്ടിടത്തില്‍ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് മരിച്ചത്.മലയാറ്റൂര്‍ ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയിലാണ് സ്ഫോടനം നടന്നത്.
സാധാരണ  കൂടുതല്‍ തൊഴിലാളികള്‍ ഇവിടെ  താമസിക്കാറുണ്ടായിരുന്നു. എന്നാല്‍  ഇന്നലെ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പറയുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.