കൊളംബോ:
ശ്രീലങ്കയില്‍ തേങ്ങക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. തേങ്ങയുടെ ഉല്‍പ്പാദനം കൂട്ടിയാലേ രാജ്യം നേരിടുന്ന തേങ്ങ ക്ഷാമത്തിന് പരിഹാരമുണ്ടാകൂ. അതിന് കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കാര്‍ഷിക ഉല്‍പ്പാദനവും വ്യവസായ ഉല്‍പ്പന്ന കയറ്റുമതിയും കൈകാര്യം ചെയ്യുന്ന മന്ത്രി കണ്ടെത്തിയ വഴിയാണ് തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തുകയെന്നത്.
തെങ്ങിന്റെ പകുതിയോളം ഉയരത്തില്‍ കയറിയ മന്ത്രി അരുന്ധിക ഫെര്‍ണ്ണാണ്ടോ കര്‍ഷകരെ ബോധവല്‍ക്കരിച്ചു. ശ്രീലങ്കയില്‍ 700 ദശലക്ഷം തേങ്ങയുടെ കുറവുണ്ട്. തേങ്ങയുടെ ക്ഷാമം ക്ഷാമം പരിഹരിക്കണമെങ്കില്‍ കഴിയുന്നത്ര സ്ഥലം കണ്ടെത്തി അവിടെയെല്ലാം തെങ്ങുകള്‍ വളര്‍ത്തണം. അതുവഴി രാജ്യത്തെ തേങ്ങയുടെ ക്ഷാമം പരിഹരിക്കാം. കയറ്റുമതിയിലൂടെ വിദേശ നാണ്യം നേടി രാജ്യത്തിന്റെ സമ്പദ്‌ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യാം.
വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ചെറു പട്ടണമായ ദാന്‍കോട്ടുവയിലെ ഒരു തെങ്ങിന്‍തോപ്പാണ് വാര്‍ത്താസമ്മേളനം നടത്താന്‍ മന്ത്രി കണ്ടെത്തിയത്. മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് ക്ഷണിച്ചുവരുത്തി. യന്ത്ര സഹായത്തോടെ തെങ്ങില്‍ കയറാന്‍ അനുയായികളും പിന്തുണച്ചു. ചാനലുകള്‍ വാര്‍ത്ത സംപ്രേഷണം ചെയ്‌തു. മന്ത്രിയുടെ ആഹ്വാനം കര്‍ഷകര്‍ നടപ്പാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.