Sun. Sep 8th, 2024
കൊച്ചി:

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പ് ആയി. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്ക് പൂർണ അവകാശമുണ്ട്. ശ്രീകുമാര മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീർപ്പ്.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ. എന്നാല്‍ നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി വാസുദേവന്‍ സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വി.എ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയുമായിരുന്നു.