ന്യൂഡെല്‍ഹി:
കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലി ദള്‍ പ്രതിനിധി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത് എന്‍ഡിഎ സഖ്യത്തിന് തലവേദനയാകുന്നു. എന്‍ഡിഎയിലെ വിശ്വസ്‌ത മിത്രമായിരുന്നു പഞ്ചാബില്‍ നിന്നുള്ള എസ്‌എഡി. കഴിഞ്ഞ വര്‍ഷം ശിവസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതിന് ശേഷമുള്ള ശക്തമായ ആഘാതമാണ് രാജി. ഹരിയാനയില്‍ എന്‍ഡിഎ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗതാലയുടെ രാജിക്ക് വേണ്ടിയും സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.
കര്‍ഷക പ്രശ്‌നത്തിന്റെ പേരിലുള്ള രാജി പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല രാജ്യത്തുടനീളം കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് ആക്കം കൂട്ടുമെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്. കര്‍ഷക വിരുദ്ധ ബില്ലുകളെ പിന്തുണക്കാന്‍ കഴിയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഹര്‍സിമ്രത്ത് രാജിവെച്ചത്.
എന്‍ഡിഎയെ തുടര്‍ന്നും പിന്തുണക്കുമെന്ന് പറയുന്നുണ്ടെങ്കിലും പഞ്ചാബില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഭരണപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും കര്‍ഷക സംഘടനകളില്‍ നിന്നും എസ്‌എഡി നേരിടുന്നത്. ഇത് തുടര്‍ന്നാല്‍ അവര്‍ക്ക് എന്‍ഡിഎ മുന്നണി വിടേണ്ടിവന്നേക്കും.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ രാജി അവിടെയും ചലനങ്ങളുണ്ടാക്കും. ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ എളുപ്പം വിജയിക്കാമെന്ന എന്‍ഡിഎയുടെ കണക്കുകൂട്ടലുകള്‍ക്ക് കര്‍ഷക പ്രതിഷേധം വിലങ്ങുതടി ആയേക്കും. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കര്‍ഷക പ്രക്ഷോഭണങ്ങള്‍ ബീഹാറിലും രൂപംകൊണ്ടാല്‍ എന്‍ഡിഎക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.
ഹരിയാന എന്‍ഡിഎയില്‍ മുഖ്യ ഘടകകഷിയായ ജനനായക് പാര്‍ട്ടിയും എസ്‌എഡി നേരിട്ട സമാനമായ സമ്മര്‍ദ്ദമാണ് നേരിടുന്നത്. ജെജെപിയുടെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെ നേരില്‍ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്‌തു. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം അറിയിച്ചതായാണ് സൂചന.
സെപ്‌റ്റംബര്‍ 10ന് കര്‍ഷകര്‍ പിപിലിയില്‍ നടത്തിയ സമരത്തിന് നേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ ദുഷ്യന്ത് ചൗതാല ഖേദം പ്രകടിപ്പിച്ചിരുന്നു.
ദേവിലാലിന്റെയും ചൗതാലയുടെയും പാരമ്പര്യം അവകാശപ്പെടുന്ന ജെജെപിയുടെ അടിത്തറ കര്‍ഷകരാണ്. കര്‍ഷക പ്രക്ഷോഭണം ശക്തമായാല്‍ ജെജെപിയും കടുത്ത നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായേക്കും. ദുഷ്യന്ത് ഉപമുഖ്യമന്ത്രി പദം രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ എന്‍ഡിഎയെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കും.