ന്യൂഡെല്‍ഹി:
ഇലക്ട്രോണിക് മാധ്യമങ്ങളെയല്ല ഡിജിറ്റല്‍ മീഡിയയെ ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. വേഗത്തിലുള്ള റീച്ചും സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ മീഡിയയാണ് ആദ്യം നിയന്ത്രിക്കപ്പെടേണ്ടത്. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇവയില്‍ വരുന്ന വാര്‍ത്തകള്‍ പെട്ടെന്ന് വൈറലായി മാറുന്നു. സുദര്‍ശന്‍ ടിവിക്കെതിരായ വിദ്വേഷ പ്രചാരണ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ഇലക്ട്രോണിക്, പ്രിന്‍റ് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് നിലവില്‍ തന്നെ മാര്‍ഗരേഖകളുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യവും ഉത്തരവാദിത്വ മാധ്യമ പ്രവര്‍ത്തനവും സന്തുലിതമായി കൈകാര്യം ചെയ്യുന്നതിന് നിയമങ്ങളും കോടതി വിധികളുമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രിം കോടതി അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
മുസ്ലിങ്ങള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ആരോപിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് സുദര്‍ശന്‍ ടിവിയെ സുപ്രീം കോടതി വിലക്കിയിരുന്നു. മത സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതും മുസ്ലിങ്ങളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്നതുമായ അത്തരം ഒരു പരിപാടി അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.