Thu. Jan 23rd, 2025

 

ഡല്‍ഹി കലാപ കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപകത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത 15 പേര്‍ പ്രതികള്‍. എന്നാല്‍ കലാപത്തിന് പ്രേരണ നല്‍കുന്ന പ്രസംഗങ്ങള്‍ നടത്തിയ മൂന്ന് ബിജെപി നേതാക്കളെക്കുറിച്ച് ഒരു പരാമര്‍ശവും കുറ്റപത്രത്തിലില്ല. ബിജെപി നേതാക്കളെ പ്രതി ചേര്‍ക്കാതെ രക്ഷിക്കുന്നതിനെതിരെ മുന്‍ പൊലീസ് മേധാവിയായ ജൂലിയോ റിബൈറോയും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു.

53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത കേസില്‍ 17500 പേജ് വരുന്ന കുറ്റപത്രമാണ് രണ്ട് സ്റ്റീല്‍ പെട്ടികളിലായി പൊലീസ് സമര്‍പ്പിച്ചത്. യുഎപിഎ ഉള്‍പ്പെടയുള്ള വകുപ്പുകളാണ് കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ പങ്കെടുത്ത ആളുകളുമായി  നേരിട്ട് ബന്ധപ്പെട്ടു എന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ പേര് ഉള്‍പ്പെടുത്തിയതിന് കാരണമായി  പറയുന്നത്. സീലാംപൂരിലും ജാഫ്രാബാദിലും കലാപം ആളിക്കത്താന്‍ കാരണം രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ദിവസങ്ങളോളം സമാധാനപരമായി തുടര്‍ന്ന പ്രക്ഷോഭത്തിനിടയിലായിരുന്നു ഈ അക്രമം ഉണ്ടായത്. എന്നാൽ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കലാപത്തിന് കാരണമായ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങളെല്ലാം  ഒഴിവാക്കി. പൗരത്വ ഭേദഗതിക്കതിരായ സമരം നടന്ന ഡിസംബര്‍ 31 മുതല്‍ ഫെബ്രുവരി 25 വരെ നടന്ന വിവിധ സംഭവങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ കപില്‍ മിശ്ര അടക്കമുള്ള ബിജെപി നേതാക്കള്‍  വംശീയാതിക്രമത്തിന് കാരണമാകുംവിധം നടത്തിയ പ്രകോപന പ്രസംഗങ്ങളെ കുറിച്ചൊന്നും പറയുന്നില്ല. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഡല്‍ഹിയിലെ മൗജ്പുര്‍ പ്രദേശത്ത് ഫെബ്രുവരി 23 ന് റാലിയിലാണ്  പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പ്രകോപന പരാമർശം ഉണ്ടായത് .അതിന് പിന്നാലെയാണ്  ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധത്തിനു നേരെ ആക്രമണം ഉണ്ടായതും മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചതും. ഈ  വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കാനും  നിര്‍ദേശിക്കുകയും ചെയ്തിരുന്നു.എന്നാൽ  സംഘപരിവാർ നേതാക്കളെ സംരഷിക്കുന്ന തരത്തിലായിരുന്നു പിന്നീട്  അങ്ങോട്ട് ഡൽഹി പോലീസിന്റെ നടപടി.

കൂടാതെ വംശീയാതിക്രമ സമയത്ത് പൊലീസും സംഘപരിവാർ പ്രവർത്തകർക്കൊപ്പം പങ്കാളികളായിരുന്നു എന്ന് വസ്തുതാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  അക്രമികള്‍ക്കൊപ്പം നിന്ന ഡല്‍ഹി പൊലീസ് മുസ്ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയതിന്റെ നിരവധി തെളിവുകളും  പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ വൻ വിമർശനവും പ്രതിഷേധവും ഉണ്ടായിട്ടും ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസു പോലും എടുക്കാതെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്

കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ  അറസ്റ്റു ചെയ്തതും പൗരത്വ നിയമ വിരുദ്ധ  പ്രക്ഷോഭകർ മാത്രമാണ്. ഇവരിൽ ഭൂരിഭാഗവും മുസ്ലിം വിദ്യാർഥികളുമാണ്. അവസാനമായി അറസ്റ്റ്  ചെയ്‌ത  ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിനെ ആയിരുന്നു . അദ്ദേഹത്തിനെതിരെയും  ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ യുഎപിഐ  ചുമത്തിയിട്ടുണ്ട് . കൂടാതെ സീതാറാം യെച്ചൂരി, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ് എന്നിവരുടെ പേരുകളും ഡല്‍ഹി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്.