Thu. Jan 23rd, 2025

കണ്ണൂർ :

കണ്ണൂരിലെ അഴീക്കൽ തുറമുഖത്ത് പൊളിക്കാനായി കൊണ്ടു വന്ന കപ്പൽ സുപ്രീം കോടതി വിധിക്കനുസരിച്ച് പൊളിക്കാൻ ‘സിൽക്ക് ‘മാനേജിംഗ് ഡയറയ്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകി.

കപ്പലിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പദാർത്ഥങ്ങൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നതായി ആരോപിച്ച് അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

അഴീക്കൽ സീനിയർ പോർട്ട് കൺസർവേറ്റർ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു. ‘ഓഷ്യൻ റൂളർ’ എന്ന പേരിലുള്ള കപ്പൽ അഴീക്കൽ തുറമുഖത്തിന് സമീപം കൊണ്ടുവന്നെങ്കിലും കടലിലെ പ്രക്ഷുബ്ധ കാലാവസ്ഥ കാരണം കരയിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

തളിപ്പറമ്പ് സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ കപ്പൽ പൊളിക്കാൻ തീരുമാനിച്ചു. നടപടികൾ വേഗത്തിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തുറമുഖം,കസ്റ്റംസ്, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്,കോസ്റ്റ് ഗാർഡ്,സിൽക്ക് തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.