Mon. Dec 23rd, 2024

ന്യൂഡെല്‍ഹി:
മുസ്ലിം വിദ്വേഷം സൃഷ്ടിക്കുന്ന സുദര്‍ശന്‍ ടിവിയുടെ ‘ബിന്ദാല്‍ ബോല്‍’ എന്ന പരിപാടി വിലക്കിയ സുപ്രീം കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. ഇപ്പോള്‍ തന്നെ നമ്മുടെ സാമൂഹിക ഘടനയെ തകര്‍ത്ത വര്‍ഗീയ വൈറസുകള്‍ പടരുന്നത് തടയാന്‍ സുപ്രീം കോടതി തയ്യാറായിരിക്കുന്നു.

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ തയ്യാറായ ജഡ്‌ജിമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി കബില്‍ സിബല്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
സിവില്‍ സര്‍വീസിലേക്ക്‌ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ആരോപിക്കുന്ന ബിന്ദാല്‍ ബോലിന്റെ രണ്ട്‌ എപിസോഡുകളുടെ സംപ്രേഷണമാണ്‌ ഡിവൈ ചന്ദ്രചൂഢ്‌, കെ എം ജോസഫ്‌, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ച്‌ തടഞ്ഞത്‌. മുസ്ലിങ്ങള്‍ സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനെ ‘യുപിഎസ് സി ജിഹാദ്’ എന്നാണ് ബിന്ദാല്‍ ബോല്‍ ചിത്രീകരിച്ചത്.

സുദര്‍ശന്‍ ടിവിയുടെ ചീഫ്‌ എഡിറ്ററും മാനേജിംഗ്‌ എഡിറ്ററുമായ സുരേഷ്‌ ചവാങ്കെ അവതരിപ്പിക്കുന്ന പ്രോഗ്രാം പ്രഥമദൃഷ്ട്യാ തന്നെ മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന്‌ കോടതി നിരീക്ഷിച്ചിരുന്നു. ഇത്‌ ഇന്ത്യയുടെ സമുദായ സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണ്‌. അതിനാല്‍ ആ പ്രോഗ്രാം ഒരു രൂപത്തിലും സംപ്രേഷണം ചെയ്യരുതെന്ന്‌ കോടതി ഉത്തരവില്‍ പറഞ്ഞു.