Mon. Dec 23rd, 2024
ന്യൂഡെല്‍ഹി:
ഡെല്‍ഹി നിയമസഭയുടെ പീസ് ആന്‍റ് ഹാര്‍മണി കമ്മിറ്റിയുടെ ഹിയറിംഗിന് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ ഹാജരായില്ല. പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെ വിശദീകരണം നല്‍കിയിരുന്നത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് നിയമസഭ സമിതിക്ക് നല്‍കിയ കുറിപ്പില്‍ ഫേസ്ബുക്ക് അറിയിച്ചു. ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കാതെ സംരക്ഷിച്ചു എന്ന പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നിയമസഭ സമിതി ഫേസ്ബുക്ക് പ്രതിനിധികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
പാര്‍ലമെന്‍റ് ഇടപെട്ട വിഷയമായതിനാല്‍ ഡെല്‍ഹി നിയമസഭ സമിതി പരാതിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഫേസ്ബുക്ക് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം പാര്‍ലമെന്‍റിനാണ്. തങ്ങള്‍ക്ക് അയച്ച സമന്‍സ് പിന്‍വലിക്കണമെന്നും ഫേസ്ബുക്ക് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് ഹാജരാകാതിരുന്നത് തങ്ങളെ അവഹേളിക്കുന്നതാണെന്നായിരുന്നു പീസ് ആന്‍റ് ഹാര്‍മണി കമ്മിറ്റിയുടെ പ്രതികരണം. ഫേസ്ബുക്കിന് ഇക്കാര്യത്തില്‍ അവസാന മുന്നറിയിപ്പ് നല്‍കുമെന്നും സമിതി അധ്യക്ഷന്‍ രാഘവ് ഛദ്ദ
അറിയിച്ചു. ഫെബ്രുവരിയില്‍ ഡെല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടാനും സമന്‍സ് അയക്കാനും സമിതിക്ക് അധികാരമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കലാപ സമയത്ത് തീ ആളിക്കത്തിക്കുന്ന തരത്തില്‍ പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് ഹാജരായി വിശദീകരണം നല്‍കാനാണ് ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ മേധാവിയായ അജിത് മോഹനോട് നിയമസഭ സമിതി ആവശ്യപ്പെട്ടത്.