Fri. Nov 22nd, 2024

ന്യൂഡെല്‍ഹി:

കോടതിയലക്ഷ്യ കേസില്‍ വിധിച്ച ഒരു രൂപ പിഴ പ്രശാന്ത്‌‌ ഭൂഷണ്‍ സുപ്രീം കോടതി രജിസ്‌ട്രിയില്‍ അടച്ചു. എന്നാല്‍ പിഴയടച്ചതുകൊണ്ട്‌ കോടതി വിധി അംഗീകരിച്ചുവെന്ന്‌ അര്‍ത്ഥമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍ക്കൊപ്പമാണ്‌ പിഴയടക്കാനെത്തിയത്‌. പിഴയടക്കാനുള്ള പണം നല്‍കാന്‍ ധാരാളം പേര്‍ സന്നദ്ധരായെന്ന്‌ അദ്ദേഹം പറഞ്ഞു. ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായാണ്‌ ഒരു രൂപ പിഴയടച്ചത്‌.

സുപ്രീം കോടതിവിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും പ്രശാന്ത്‌ ഭൂഷണ്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. തന്റെ അപ്പീല്‍ കൂടുതല്‍ വിശാലമായ ഒരു ബഞ്ച്‌ പരിഗണിക്കണമെന്നാണ്‌ പ്രശാന്ത്‌ ഭൂഷന്റെ ആവശ്യം. അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുന്നതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കുന്നതിന്‌ ട്രൂത്ത്‌ ഫണ്ട്‌ രൂപീകരിക്കുമെന്ന്‌ ഭൂഷണ്‍ അറിയിച്ചു. കോടതിയലക്ഷ്യ കേസില്‍ ലഭിച്ച‌ സംഭാവനകള്‍ ഈ ഫണ്ടിന്റെ ഭാഗമാക്കും.

ഡെല്‍ഹി കലാപത്തിന്റെ പേരില്‍ ഉമര്‍ ഖാലദിനെ അറസ്റ്റ്‌ ചെയ്‌തിനെയും സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്‌ തുടങ്ങിയവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെയും പ്രശാന്ത്‌ ഭൂഷണ്‍ അപലപിച്ചു. വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.