Mon. Dec 23rd, 2024

ന്യൂഡെല്‍ഹി:
ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്‌ അനുവദിക്കാന്‍ കഴിയില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. നമ്മുടെ സംസ്‌കാരവും നിയമവും സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹം ഭര്‍ത്താവും ഭാര്യയും തമ്മിലാണ്‌. ഈ നിയമം സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല. വിവാഹമെന്നത്‌ വിശുദ്ധമായ കര്‍മമായാണ്‌ കണക്കാക്കുന്നതെന്നും തുഷാര്‍ മേത്ത വാദിച്ചു.

പ്രത്യേക ഉത്തരവില്ലാതെ സ്വവര്‍ഗ വിവാഹം രജിസറ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന്‌ കാട്ടി അഭിജിത്ത്‌ മിത്രയും മറ്റ്‌ ചിലരുമാണ്‌ ഹര്‍ജി നല്‍കിയത്‌. സ്വവര്‍ഗ വിവാഹത്തിന്‌ നിയമപരമായ തടസമില്ലെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തതിലൂടെ തുല്യതക്കും ജീവിക്കാനുള്ള അവകാശവുമാണ്‌ നിഷേധിക്കുന്നത്‌.

ഇത്തരം ഹര്‍ജികളെ തുറന്ന മനസോടെ കാണണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡിഎന്‍ പട്ടേലും ജസ്റ്റിസ്‌ പ്രതീക്‌ ജലാനും അടങ്ങിയ ബഞ്ച്‌ അഭിപ്രായപ്പെട്ടു. പരാതിക്കാരോട്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ ശ്രമിക്കാനും തടസങ്ങള്‍ ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്ത സംഭവങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടു.