ന്യൂഡെല്‍ഹി:
കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ നഷ്ടപ്പെട്ടവരുടെയും കണക്കുകളില്ല. തൊഴിലാളികള്‍ക്ക് സംസ്ഥാനങ്ങള്‍ സൗജന്യ റേഷന്‍ നല്‍കിയത് സംബന്ധിച്ചും വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
അപ്രതീക്ഷിത ലോക്‌ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി ആയിരക്കണക്കിനാളുകളാണ് നാട്ടിലേക്ക് പോയത്. അപകടത്തില്‍ പെട്ടും നടന്ന് തളര്‍ന്നും ഭക്ഷണം ലഭിക്കാതെയും നിരവധി പേര്‍ മരിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്നായിരുന്നു ചോദ്യം.
ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ലോക് ഡൗണ്‍ ദുരിതങ്ങളില്‍ മരിച്ചുവോ എന്ന ചോദ്യത്തിന് അത്തരം വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് ‘കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സ്വയം സഹായ ഗ്രൂപ്പുകളും റസിഡന്റ്‌സ് അസോസിയേഷനുകളും ആരോഗ്യ പ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും ഒട്ടേറെ എന്‍ജിഒകളും കോവിഡ് 19നെയും ലോക് ഡൗണിനെയും തുടര്‍ന്നുണ്ടായ മാനുഷിക പ്രതിന്ധിക്കെതിരെ പോരാടി’ എന്നായിരുന്നു മറുപടി.