Thu. Jan 9th, 2025

കൊല്‍ക്കത്ത:
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസും ഇടത്‌ മുന്നണിയും തമ്മില്‍ തെരഞ്ഞെടുപ്പ്‌ സഖ്യത്തിന് വഴി തുറക്കുന്നു‌. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിയുമായുള്ള സഖ്യം അനിവാര്യമാണെന്ന്‌ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിക്കപ്പെട്ട അധിര്‍ രഞ്‌ജന്‍ ചൗധരി പറഞ്ഞു. എല്ലാ ടിഎംസി വിരുദ്ധ, ബിജെപി വിരുദ്ധ ശക്തികളും ഒന്നിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.

കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ധാരണകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്‌. ഇപ്പോള്‍ ആ ധാരണ തൃണമൂലിന്‍റെ അഴിമതി ഭരണത്തിനെതിരെ പോരാടാനുള്ള തെരഞ്ഞെടുപ്പ്‌ ധാരണയാക്കി മാറ്റണമെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാടെന്ന്‌ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചൗധരി പറഞ്ഞു. ടിഎംസിക്കും ബിജെപിക്കും എതിരെ പോരാടാന്‍ കോണ്‍ഗ്രസ്‌ സന്നദ്ധമാണ്‌.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷം ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതുകൊണ്ടാകാം 2109ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സഖ്യം ഉപേക്ഷിച്ചതെന്ന്‌ ചൗധരി പറഞ്ഞു.

ഏതായാലും ചൗധരിയുടെ നിര്‍ദ്ദേശത്തോട്‌ സിപിഎം അനുകൂലമായാണ്‌ പ്രതികരിച്ചത്‌. അധിര്‍ ചൗധരിയെ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിച്ചതിന്‌ അഖിലേന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക്‌ സിപിഎമ്മിന്റെ പൊളിറ്റ്‌ ബ്യൂറോ അംഗവും മൂന്‍ എംപിയുമായ മുഹമ്മദ്‌ സലിം നന്ദി അറിയിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ പോരാടാന്‍ കഴിയുന്ന പരിചയ സമ്പന്നനായ നേതാവാണ്‌ ചൗധരിയെന്ന്‌ അദ്ദേഹം പറഞ്ഞു. ടിഎംസി വിരുദ്ധരും ബിജെപി വിരുദ്ധരുമായ എല്ലാവരും യോജിക്കണം. 2016ല്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷം തിരഞ്ഞെടുപ്പ്‌ ധാരണയുണ്ടാക്കിയിരുന്നു. ഒട്ടേറെ വിഷയങ്ങളില്‍ നടത്തിയ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഈ ധാരണ ശക്തിപ്പെടുത്തിയതായും മുഹമ്മദ്‌ സലിം പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസ്- ഇടതുപക്ഷ സഖ്യ ശ്രമത്തെ തൃണമൂലും ബിജെപിയും വിമര്‍ശിച്ചു. അവര്‍ അതിജീവനത്തിനുള്ള ശ്രമത്തിലാണെന്നും ഒരു സഖ്യത്തെയും കാര്യമാക്കുന്നില്ലെന്നും ടിഎംസി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചു. 216ല്‍ പരാജയപ്പെട്ടതുപോലെ 2021ലും ദയനീയമായി തോല്‍ക്കാനാണ് അവരുടെ വിധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.