ലക്‌നൗ:
‘ജയ്ശ്രീറാം’ വിളിക്കാന്‍ തയ്യാറാകാതിരുന്നതിന് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നതായി ആരോപണം. നോയിഡ തൃലോക്‌പുരി സ്വദേശി അഫ്‌താബ് ആലം ആണ് യാത്രക്കിടയില്‍ കൊല്ലപ്പെട്ടത്. കാറില്‍ കയറിയ രണ്ട് പേരാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
ബുലന്ദ്‌ഷഹറില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള യാത്രക്കിടയിലാണ് രണ്ടു പേര്‍ അഫ്‌താബിന്റെ ടാക്‌സിയില്‍ കയറിയത്. യാത്രക്കിടെ ‘ജയ് ശ്രീറാം’ വിളിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിച്ചത് ഫോണിലൂടെ കേട്ടതായി അഫ്‌താബ് ആലത്തിന്റെ മകന്‍ സാബിര്‍ പറയുന്നു. വാഹനം ഓടിക്കുന്നതിനിടെ തന്നെ രണ്ടു തവണ വിളിച്ചിരുന്നു. ഫോണ്‍ കോളിനിടയിലാണ് ജയശ്രീറാം വിളിക്കൂ സഹോദരാ എന്ന് നിര്‍ബന്ധിക്കുന്നത് താന്‍ അത് കേട്ടത്. ഫോണ്‍ കോള്‍ റെക്കോഡ് ചെയ്‌തിട്ടുണ്ട്.
എന്നാല്‍ ജയ് ശ്രീറാം വിളിക്കണമെന്ന് നിര്‍ബന്ധിച്ചുവെന്ന ആരോപണം പൊലീസ് തള്ളിക്കളയുന്നു. യാത്രക്കിടയില്‍ സാധനം വാങ്ങുന്നതിന് നിര്‍ത്തിയപ്പോള്‍ കടയില്‍ വെച്ച് മറ്റൊരാളോട് പറയുന്നതാണ് അതെന്നാണ് മനസിലാക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയ കാരണങ്ങളില്ലെന്നാണ് അവര്‍ പറയുന്നത്.
കാര്‍ തട്ടിയെടുക്കുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്‍റെ നിഗമനം. കാര്‍ ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ ഉടന്‍ ദാദ്രി പൊലീസ് സ്ഥലത്തെത്തിയിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു അഫ്‌താബ്. അക്രമികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു.