Wed. Jan 22nd, 2025

മുംബൈ:
ഭീമ കൊറേഗാവ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ എന്‍ഐഎ വേട്ട തുടരുന്നു. ദലിത്‌ ചിന്തകനും ഹൈദരാബാദ്‌ ഇഎഫ്‌എല്‍ സര്‍വകലാശാല പ്രൊഫസറുമായ കെ സത്യനാരായണയോട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍ഐഎ നോട്ടീസ്‌ നല്‍കി. ഈ മാസം ഒമ്പതിന്‌ മുബൈയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഭീമ കൊറേഗാവ്‌ കേസില്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചിരിക്കുന്ന കവിയും പൗരാവകാശ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ മരുമകനാണ്‌ സത്യനാരായണ.
വരവര റാവുവിന്റെ മറ്റൊരു മരുമകനും മാധ്യമ പ്രവര്‍ത്തകനുമായ കെ വി കര്‍മനാഥിനോടും ഒമ്പതിന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഭീമ കൊറേഗാവ്‌ സംഭവത്തില്‍ വരവര റാവുവിനെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ 2018ല്‍ പുനെ പൊലീസ്‌ സത്യനാരായണയുടെ വീട്‌ റെയ്‌ഡ്‌ ചെയ്യുകയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

വരവരറാവുവിന്റെ ബന്ധുക്കള്‍ എ‌ന്ന നിലയില്‍ അന്വേഷണ ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുകയാണെന്ന്‌ സത്യനാരായണ ആരോപിച്ചു. ഭീമ കൊറേഗാവ്‌ സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്ന്‌ താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരാവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വേട്ടയാടുന്നത്‌ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൗരാവകാശ പ്രവര്‍ത്തകരും എഴുത്തുകാരുമായ 12 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. മലയാളികളായ പ്രൊഫ. ഹാനി ബാബു, റോണ വില്‍സണ്‍  എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജയിലില്‍ കഴിയുന്ന വരവര റാവുവിന്‍റെ ആരോഗ്യനില വഷളായി തുടരുകയാണ്.