Wed. Jan 22nd, 2025

കുശിനഗര്‍:

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ അധ്യാപകനെ വെടിവെച്ച് കൊന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ്‌ സാന്നിധ്യത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്നു. കുശിനഗറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

ഗോരഖ്‌പൂര്‍ സ്വദേശിയാണ്‌ കൊല്ലപ്പെട്ട ആളെന്ന് പൊലീസ് പറഞ്ഞു. ഒരു സ്‌കൂട്ടറിലെത്തി അധ്യാപകനായ സുധീര്‍ കുമാര്‍ സിംഗിനെ വീട്ടില്‍ വെച്ച്‌ വെടിവെച്ചുകൊന്ന ശേഷം വീടിന്‍റെ ടെറസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ്‌ സ്ഥലത്തെത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ‌വഴങ്ങാതെ ജനക്കൂട്ടത്തിന്‌ നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് ടെറസില്‍ നിന്ന് താഴേക്ക് ചാടി ഒരു മുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ടു. വീട്‌ വളഞ്ഞ അയാളെ പുറത്തിറക്കിയ ആള്‍ക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു.

അക്രമം തടയാന്‍ ചില പൊലീസുകാര്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ശരീരം നിശ്ചലമാകുന്നതുവരെ ജനക്കൂട്ടം മര്‍ദ്ദനം തുടര്‍ന്നു. അയാളുടെ തല തകര്‍ക്കപ്പെട്ട നിലയിലാണ്‌. സംഭവ സ്ഥലത്ത്‌ രക്തം തളംകെട്ടി കിടന്നു.