കരിപ്പുർ:
കരിപ്പുരില്‍ സ്വര്‍ണം കടത്തുന്നത് തടയാന്‍ ശ്രമിച്ച ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ്. സ്വര്‍ണം കടത്താന്‍ സഹായിച്ച നാല് പേരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ സൂപ്പര്‍വൈസര്‍മാരെയാണ് കസ്റ്റഡിയിലെടുത്തത്.
വിമാനത്താവളത്തില്‍ നിന്നും പുറത്ത് കൊണ്ടു വന്ന സ്വര്‍ണം കാറില്‍ കടത്താന്‍ ശ്രമിച്ച സംഘമാണ് ബൈക്കിലെത്തിയ ഡിആര്‍ ഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറുപ്പിച്ചത്. സംഭവത്തില്‍ ഡിആര്‍ഐ ഓഫീസര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.
ബൈക്കില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശി നിസാറിനെ പിടികൂടിയിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാന് സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.
കരിപ്പൂര്‍ വിമാനത്താവള ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കി സ്വര്‍ണം കടത്തുന്നതു സംബന്ധിച്ചു നേരത്തെ തന്നെ ഡിആര്‍ഐക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ടുനിന്നും കൊച്ചിയില്‍നിന്നുമായി ഉദ്യോഗസ്ഥര്‍ ഇതിനകം വിമാനത്താവളത്തില്‍ എത്തിയിരുന്നു.ഞായറാഴ്ച സ്വര്‍ണക്കൈമാറ്റം നടക്കുന്നതിനിടയില്‍ പിടികൂടാനായിരുന്നു സംഘം ബുളളറ്റിലും കാറിലുമായി എത്തിയത്. എന്നാല്‍, ഇതിനു സാധിക്കാതെ വന്നപ്പോള്‍ സ്വര്‍ണം കൊണ്ടു പോകാനെത്തിയ സംഘത്തിന്റെ വാഹനങ്ങള്‍ നിരീക്ഷണത്തിലാക്കി.
രണ്ട് വാഹനത്തിലായാണു കള്ളക്കടത്ത് സംഘമുണ്ടായിരുന്നത്. എന്നാല്‍, അപകടം സംഭവിച്ച വാഹനത്തിലായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്.അടിവാരം ബസ് സ്റ്റോപ്പിലെത്തെത്തിയപ്പോളാണ് കള്ളക്കടത്ത് വാഹനം ഡിആര്‍ഐ സംഘം തടഞ്ഞത്. ഡിആര്‍ഐ സംഘത്തെ തിരിച്ചറിഞ്ഞതോടെ കള്ളക്കടത്ത് സംഘം വാഹനം വെട്ടിച്ച് ഉദ്യോഗസ്ഥരായ ആല്‍ബര്‍ട്ട് ജോര്‍ജ്,നജീബ് എന്നിവരെത്തിയ ബുളളറ്റ് ഇടിച്ചിട്ടു കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ഇടിച്ചിട്ട ബുളളറ്റ് 20 മീറ്ററോളും റോഡിലൂടെ വലിച്ചിഴച്ചു. മൂന്നുകിലോ സ്വർണാണ് കാറിൽ നിന്നും കണ്ടെത്തിയത്.