Mon. Dec 23rd, 2024

ന്യൂഡെല്‍ഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോകള്‍ക്ക്‌ സാമൂഹിക മാധ്യമങ്ങളില്‍ ‘ലൈക്കി’നേക്കാള്‍ ‘ഡിസ്‌ലൈക്കു’കളുടെ എണ്ണം കൂടുന്നത്‌ ബിജെപി നേതൃത്വത്തെ വിഷമിപ്പിക്കുന്നു. ഇന്ന്‌ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ വിശദീകരിക്കുന്നതിനു വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്‌ഘാടന പ്രസംഗത്തിന്റെ വീഡിയോയിലും ഡിസ്‌ലൈക്കിനാണ്‌ മുന്‍തൂക്കം. ലൈവ്‌ സ്‌ട്രീമിന്‌ 11000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം 12000 ആയിരുന്നു. തുടര്‍ന്ന്‌ ഡിസ്‌ലൈക്കുകളുടെ എണ്ണം വര്‍ധിച്ചു.

ആഗസ്‌റ്റ്‌ 30ന്‌ നരേന്ദ്ര മോദി നടത്തിയ മന്‍ കി ബാത്ത്‌ പ്രസംഗത്തിന്‌ 283000 ഡിസ്‌ ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ലൈക്കുകളുടെ എണ്ണം 211000 മാത്രമായിരുന്നു. ഐപിഎസ്‌ ഓഫീസര്‍മാരുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്‌ച്ചയുടെ വീഡിയോക്ക്‌ 28000 പേര്‍ ലൈക്കടിച്ചപ്പോള്‍ ഡിസ്‌ ലൈക്ക്‌ രേഖപ്പെടുത്തിയത്‌ 29000 പേരാണ്‌.

കോവിഡ്‌ കാലത്ത്‌ നീറ്റ്‌ – ജെഇഇ പരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളാണ്‌ ഡിസ്‌ലൈക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്താന്‍ തുടങ്ങിയത്‌. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെതിരെ ആയിരുന്നു പ്രതിഷേധം. തുടര്‍ന്ന് തൊഴിലില്ലായ്മക്കെതിരായ യുവാക്കളുടെ പ്രതിഷേധവും രേഖപ്പെടുത്തി.

പിഎം മോഡി എന്ന പ്രധാനമന്ത്രിയുടെ യുട്യൂബ്‌ ചാനലിലാണ്‌ ഡിസ്‌ലൈക്കുകള്‍ വന്‍ തോതില്‍ രേഖപ്പെടുത്തുന്നത്‌. ഇത്‌ ബിജെപി നേതൃത്വത്തിന്‌ വലിയ തലവേദനയാണ്‌ സൃഷ്ടിക്കുന്നത്‌. കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ ബിജെപിയുടെ ആരോപണം.

ഡിസ്‌ലൈക്കുകളില്‍ രണ്ട്‌ ശതമാനം മാത്രമാണ്‌ ഇന്ത്യയില്‍ നിന്നുള്ളതെന്ന ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതലക്കാരനായ അമിത്‌ മാളവ്യ പറയുന്നു. പുറത്തുനിന്നുള്ള 98 ശതമാനം ഡിസ്‌ലൈക്കുകള്‍ രാഹുല്‍ ഗാന്ധിയുടെ ഗുഢാലോചനയുടെ ഫലമാണെന്ന്‌ അദ്ദേഹം പറയുന്നു.