Mon. Dec 23rd, 2024
കോട്ടയം:

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. ഇടത് മുന്നണിയിൽ പ്രവേശിക്കുന്നതിന് മുൻപായി രാജ്യസഭാ അംഗത്വം രാജി വെയ്ക്കാനാണ് ജോസ് കെ മാണി ആലോചിക്കുന്നത്. പാലാ സീറ്റ് ലഭിക്കുന്നതിനാണ് ഈ നീക്കം.

ജോസ് കെ മാണിയെ സംബന്ധിച്ച് പാല സീറ്റ് അഭിമാനപ്രശ്നമാണ്. എന്നാല്‍ പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. പാലയും കുട്ടനാടും മോഹിച്ച് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരേണ്ടെന്നാണ് പാലായില്‍ അട്ടിമറി വിജയം നേടിയ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇടത് മുന്നണി പ്രവേശനം സാധ്യമായാലും സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് മുന്‍പ് ഘടക കക്ഷികളുടെ പ്രശ്നങ്ങള്‍ കൂടി സിപിഎം പരിഹരിക്കേണ്ടിവരും. ഇതിനുള്ള ചര്‍ച്ചകളും സിപിഎം നടത്തുന്നുണ്ട്. ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കുക എന്ന വലിയ വെല്ലുവിളി സിപിഎം നേതൃത്വത്തിന് മുന്നിലുണ്ട്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ അവസരം ഉപയോഗപ്പെടുത്തണമെന്ന് സിപിഎം സിപിഐയോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ വേണ്ടന്ന നിലപാടില്‍ സിപിഐ അയവ് വരുത്തും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.