Wed. Jan 22nd, 2025
കാസർകോട്:

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കാസര്‍കോടെ മഠത്തിലായിരുന്നു അന്ത്യം. കുറച്ച് ദിവസമായി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് കേശവാനന്ദ ഭാരതി ശ്രദ്ധേയനായത്.

ഭൂപരിഷ്കരണ നിയമ പ്രകാരം എടനീർ മഠത്തിന്റെ സ്വത്തുക്കൾ കേരള സർക്കാർ ഏറ്റെടുത്തതോടെയാണ് കേസിന്റെ തുടക്കം. സ്വത്തവകാശം മൌലികാവകാശമാണ് എന്ന് അവകാശപ്പെട്ടാണ് അദ്ദേഹം 1969ല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഏറെ ദിവസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലേക്കാണ് ഈ ഹര്‍ജി നയിച്ചത്.

’ദി കേശവാനന്ദ കേസ്’ എന്ന പേരിൽ ഇപ്പോഴും നിയമ വൃത്തങ്ങൾക്കിടയിൽ സുപരിചിതമാണ്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം, പാർലമെന്റിന് ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം സംബന്ധിച്ച പരിശോധനയായി മാറി. പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് എത്തി എന്നതാണ് ഈ കേസിന്‍റെ സവിശേഷത.