ജയ്‌പൂര്‍:
അലഹബാദ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് മഥുര ജയിലില്‍ നിന്ന് മോചിതനായ ഡോ. കഫീല്‍ ഖാന്‍ സുരക്ഷിതമായ ഇടം തേടി കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ജയ്‌പൂരിലെത്തി. ഉത്തര്‍ പ്രദേശില്‍ തുടര്‍ന്നാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും ജയിലില്‍ അടയക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഭയപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് യു പി വിട്ട് രാജസ്ഥാനിലെത്തിയതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം സുരക്ഷിതനാണെന്നാണ് കരുതുന്നത്. തനിക്ക് സുരക്ഷിതമായ താവളം ഒരുക്കാമെന്ന് പ്രിയങ്ക ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രിയങ്ക തന്റെ മാതാവിനോടും ഭാര്യയോടും സംസാരിച്ചു.
യുപിയില്‍ തുടരുന്നത് ഒട്ടും സുരക്ഷിതമല്ലാത്തതുകൊണ്ടാണ് അവിടം വിട്ടത്. കഴിഞ്ഞ ഏഴര മാസമായി അത്രയേറെ പീഡനം അനുഭവിക്കേണ്ടിവന്നു. തന്റെ മോചനത്തിന് വേണ്ടി മാതാവിന് ഏഴ് മാസക്കാലം ഓഫീസുകളും കോടതികളും കയറി ഇറങ്ങേണ്ടിവന്നു.
അലഹബാദ് ഹൈക്കോടതി വിട്ടയക്കാന്‍ ഉത്തരവിട്ട ശേഷവും മോചനം വൈകിക്കാന്‍ മഥുര ജില്ലാ ഭരണാധികാരികള്‍ ശ്രമിച്ചതായി കഫീല്‍ ഖാന്‍ ആരോപിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് മാത്രമേ തനിക്ക് പാലിക്കാന്‍ കഴിയൂ എന്നാണ് മഥുര ജയില്‍ സുപ്രണ്ട് പറഞ്ഞത്.
ജില്ലാ മജിസ്‌ട്രേറ്റ് ലക്‌നൗവില്‍ നിന്നുള്ള ഉത്തരവ് കാത്തിരിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് മോചിപ്പിച്ചത്. അതുവരെ അവര്‍ തനിക്കെതിരെ മറ്റെന്തെങ്കിലും കുറ്റം ചുമത്താനുള്ള അവസരത്തിന് കാക്കുകയായിരുന്നു.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.