ഡൽഹി:
ഡൽഹി റെയിൽവേ സ്റ്റേഷൻ ട്രാക്കിന് സമീപമുള്ള ചേരികൾ മൂന്നുമാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി.
ബുധനാഴ്ച വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 48,000 ചേരികൾ ഉടൻ ഒഴിപ്പിക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചേരികൾ മൂന്ന് മാസത്തിനകം ഒഴിക്കണമെന്നുള്ള അന്തിമ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ചേരികൾ നീക്കം ചെയ്യുന്നതിനെതിരെ ഇടക്കാല ഉത്തരവുകളൊ സ്റ്റേയോ ഉണ്ടായാലും അംഗീകരിക്കില്ലെന്നും അരുൺ മിശ്ര ഉൾപ്പെടെ ബെഞ്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ 140 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന റെയിൽവേ ട്രാക്കിന് സമീപം അനധികൃത ചേരികൾ ഉണ്ടെന്ന് നേരത്തെ ഇന്ത്യൻ റെയിൽവേ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ചേരികൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താനായി ഡൽഹി സർക്കാരും റെയിൽവേ അധികൃതരും മുനിസിപ്പൽ കോർപ്പറേഷനും ഉടൻ യോഗം ചേരാനും സുപ്രീം കോടതി നിർദ്ദേശിച്ചു.