Wed. Nov 6th, 2024
ന്യൂഡല്‍ഹി:

 
ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതില്‍ ഖേദിക്കുന്നതായി പ്രശാന്ത്‌ ഭൂഷണ്‍. അണ്ണ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത്‌ ബിജെപിയും ആര്‍എസ്‌എസ്സുമായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. അന്ന്‌ അത്‌ സൂക്ഷ്‌മമായി തിരിച്ചറിയാന്‍ കഴിയാതെ പോയതിലാണ്‌ ഖേദം.

ഇന്ത്യ എഗയിന്‍സ്‌റ്റ്‌ കറപ്‌ഷന്‍ പരോക്ഷമായി നരേന്ദ്ര മോദിയുടെ വിജയത്തിന്‌ സഹായകമായി. കാരണം അത്‌ കോണ്‍ഗ്രസ്സിനെയാണ്‌ തകര്‍ത്തത്‌. ഇതോടെ കോണ്‍ഗ്രസ്സിനേക്കാള്‍ നമ്മുടെ രാജ്യത്തിനും ജനാധിപത്യത്തിനും സംസ്‌കാരത്തിനും വലിയ ഭീഷണിയായി മാറിയ ബിജെപിക്കും മോദിക്കും അധികാരത്തിലെത്താന്‍ കഴിഞ്ഞു. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനു‌ വേണ്ടി ബിജെപിയും ആര്‍എസ്‌എസ്സും ആ പ്രസ്ഥാനത്തെ ഉപയോഗിക്കുന്നത്‌ മനസ്സിലാക്കാന്‍ കഴിയാത്തതിലും ഖേദമുണ്ട്‌.

ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ്‌ കെജ്രിവാളിനെ മനസ്സിലാക്കാന്‍ കഴിയാത്തതിലും വിഷമമുണ്ട്‌. മനഃസാക്ഷിയില്ലാത്തവനും എന്തും ചെയ്യാന്‍ മടിയില്ലാത്തവനുമാണെന്ന്‌ വൈകിയാണ്‌ മനസ്സിലാക്കിയതെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ ആര്‍ട്ടിക്കിള്‍ 14ന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോടതിയലക്ഷ്യത്തിന്‌ ജയില്‍ ശിക്ഷ അനുഭവിച്ച സി എസ്‌ കര്‍ണന്റെ കേസ്‌ തന്റെ കേസില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമാണെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു. അദ്ദേഹം സുപ്രീം കോടതി ജഡ്‌ജിമാരെ അറസ്‌റ്റ്‌ ചെയ്യാന്‍ ഉത്തരവിടുകയും തന്റെ മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. തന്റെ അധികാര പരിധിക്ക്‌ പുറത്ത്‌ വീട്ടിലിരുന്ന്‌ ഉത്തരവുകള്‍ പാസാക്കുകയും ജുഡീഷ്യല്‍ സംവിധാനത്തില്‍ ഇടപെടുകയും ചെയ്‌തതിനാണ്‌ ശിക്ഷിക്കപ്പെട്ടത്‌. എന്നാല്‍ ജയിലില്‍ അടയ്‌ക്കുന്ന തരത്തില്‍ ശിക്ഷിക്കേണ്ട കേസായിരുന്നില്ല അത്‌ എന്നാണ് തന്റെ അഭിപ്രായം.

താന്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും ആറ്‌ വര്‍ഷമായി സുപ്രീം കോടതിയില്‍ നടക്കുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ച്‌ ശ്രദ്ധയുണ്ടാക്കുന്നതില്‍ തനിക്കെതിരായ കേസ്‌ വിജയിച്ചു. സുപ്രീം കോടതിയുടെ സ്വാതന്ത്ര്യം അടിയറവെക്കുന്നതിനെക്കുറിച്ചും. ജനാധിപത്യവും ജനങ്ങളുടെ മൗലികാവകാശവും സംരക്ഷിക്കുന്നതില്‍ എങ്ങനെ പരാജയപ്പെടുന്നുവെന്നും വ്യക്തമാക്കപ്പെട്ടുവെന്നും പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യം മാത്രമല്ല, സംസ്‌കാരവും നാഗരികതയും അപകടത്തിലാണ്‌. നമ്മുടെ നാശത്തിനിടയാക്കുന്ന തരത്തില്‍ നൃശംസതയും വ്യാജ വാര്‍ത്തകളുടെ സംസ്‌കാരവും അശാസ്‌ത്രീയ ചിന്തയും വിമര്‍ശനത്തിന്‌ നേരെയുള്ള ആക്രമണവുമാണ്‌ ഈ അധികാര വാഴ്ചയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. അഭിപ്രായ ഭിന്നതകളും അഹംബോധവും മാറ്റവെച്ച്‌ ഇത്‌ എല്ലാവരും മനസ്സിലാക്കുകയും ഈ വിപത്തിനെതിരെ പോരാടാന്‍ തയ്യാറാകണമെന്നും ഭൂഷണ്‍ പറഞ്ഞു.