Thu. Apr 25th, 2024

ഹൈദരാബാദ്:

വിവാദങ്ങള്‍ക്കൊടുവില്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന്‌ തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജ സിംഗിന്‌ ഒടുവില്‍ ഫേസ്‌ ബുക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. രാജ സിംഗുമായി ബന്ധപ്പെട്ട അഞ്ച്‌ ഫേസ്‌ ബുക്ക്‌ പ്രൊഫൈലുകളും ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നീക്കം ചെയ്‌തു. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത്‌ തടയണം എന്ന ഫേസ്‌ബുക്കിന്റെ നയം അനുസരിച്ചാണ്‌ നടപടിയെന്ന്‌ കമ്പനി എക്‌സിക്യൂട്ടീവ്‌ അറിയിച്ചു.

രാജ സിംഗിനെ ഫേസ്‌ബുക്കില്‍ വിലക്കുന്നത്‌ കമ്പനിയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവായ അങ്കി സിംഗ്‌ ഇടപെട്ട്‌ തടഞ്ഞതായി വാള്‍ സട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരുന്നു. വിദ്വേഷ പ്രചാരണം നടത്തുകയും അക്രമത്തിന്‌ പ്രേരിപ്പിക്കുകയും ചെയ്യുന്ന രാജ സിംഗ്‌ ഉള്‍പ്പെടെ സംഘപരിവാര്‍ ബന്ധമുള്ള നാല്‌ പേര്‍ക്കെതിരെയും ചില ഗ്രൂപ്പുകള്‍ക്കെതിരെയും ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രചാരണ നയം നടപ്പാക്കുന്നില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

തെലങ്കാന നിയമസഭയില്‍ ഗോശമഹലിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ്‌ രാജ സിംഗ്‌. അദ്ദേഹത്തിനെതിരെ 60 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്‌. ഇതില്‍ ഏറെയും വിദ്വേഷ പ്രസംഗങ്ങളുടെ പേരിലുള്ളതാണ്.

ഫേസ്‌ബുക്കിനെതിരായ ആരോപണങ്ങളെക്കുറിച്ച്‌ വിശദീകരണം നല്‍കാന്‍ ശശി തരൂര്‍ എം പി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക്‌ മുന്നില്‍ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എംഡി അജിത്‌ മോഹന്‍ ഇന്നലെ ഹാജരായിരുന്നു. അതിന്‌ പിന്നാലെയാണ്‌ രാജ സിംഗിനെതിരായ നടപടി.