Sat. Apr 27th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡൻ്റും പാർട്ടി അംഗവുമാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam