കൊച്ചി:
പാലത്തായി പീഡനക്കേസിൽ പ്രതിയായ പദ്മരാജനെതിരെയുള്ള പോക്സോ കേസ് ഒഴിവാക്കിയതിനും ഇരയായ പെൺകുട്ടി കള്ളം പറയാറുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിനെതിരെയും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പാലത്തായി പീഡനക്കേസിലെ പ്രതിയെ സഹായിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നതെന്ന് ഫിറോസ് ആരോപിച്ചു.
പാലത്തായിയിൽ നാലാം ക്ലാസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രതിയായ അധ്യാപകനും ബിജെപി പ്രവർത്തകനുമായ പദ്മരാജനെതിരെയുള്ള പോക്സോ കേസ് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പെൺകുട്ടിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ആയതിനാൽ പെൺകുട്ടിയുടെ മൊഴി പദ്മരാജനെതിരെ എടുക്കാൻ കഴിയില്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ചന്റെ വിശദീകരണം.
അതേസമയം, പോക്‌സോ കേസ് ഒഴിവാക്കി പദ്മരാജന് ജാമ്യം നൽകിയതിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ ഹൈക്കോടതിയിൽ ഹർജ്ജി നൽകിയിരുന്നു. ഇതിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പെൺകുട്ടിയ്ക്ക് കള്ളം പറയുന്ന ശീലമുണ്ടെന്ന് പറഞ്ഞിരിക്കുന്നത്.
പെൺകുട്ടിക്ക് ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ടെന്ന് നിയമപ്രകാരം നിയോഗിക്കപ്പെട്ട സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. ഈ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയിൽ പ്രതിയെ സഹായിക്കാൻ കാരണമാകാവുന്നതാണ്.
എന്നാൽ, പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശ പ്രകാരമാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ടും പെൺകുട്ടിക്കനുകൂലമായി സഹപാഠികൾ നൽകിയ മൊഴിയും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടില്ല.
കുട്ടികൾക്കെതിരായ അതിക്രമത്തിൽ സ്ഥലമോ സമയമോ പറയുന്നതിൽ കൃത്യതയില്ലെങ്കിൽ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്സാ ചാർജ് പോലും ചുമത്താതെ പ്രതിയെ ഈ സർക്കാർ സഹായിക്കുന്നതെന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തുന്നു. ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെൺകുട്ടിയുടെ ഗതിയിതാണെങ്കിൽ മറ്റുള്ളവരുടെ ഗതിയെന്താവും? -ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.