Mon. Dec 23rd, 2024

കാസര്‍കോട്‌:

ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരെ വഞ്ചിച്ചുവെന്ന പരാതിയില്‍ മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ കേസെടുത്തു. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മൂന്ന്‌ പേര്‍ നല്‍കിയ പരാതിയിലാണ്‌ ചന്തേര പൊലീസ്‌ കേസെടുത്തത്‌.

നിക്ഷേപകരായ ചെറുവത്തൂര്‍ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍, പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശികളായ ആരിഫ സുഹറ എന്നിവരാണ്‌ പരാതി നല്‍കിയത്‌. അബ്ദുല്‍ ഷുക്കൂര്‍ 30 ലക്ഷം രൂപയും ആരിഫയും സുഹറയും 3 ലക്ഷം രൂപ വീതവുമാണ്‌ നിക്ഷേപിച്ചത്‌. നിക്ഷേപത്തിന്‌ ആനുപാതികമായി ലാഭവിഹിതം നല്‍കുമെന്നായിരുന്നു കരാറിലെ വാഗ്‌ദാനം. എന്നാല്‍ ഇത്‌ പാലിക്കപ്പെട്ടില്ലെന്നാണ്‌ പരാതി. പണം തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്.

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി ചെയര്‍മാനായ ഖമറുദ്ദീന്‍ എംഎല്‍എ, മാനേജിംഗ്‌ ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ കമ്പനിയുടെ മറവില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയത്‌.

ജ്വല്ലറിയുടെ പേരില്‍ 150 കോടിയോളം രൂപ സമാഹരിച്ചതായാണ്‌ ആരോപണം.  ജ്വല്ലറിയുടെ ചെറുവത്തൂര്‍, കാസര്‍കോട്‌, പയ്യന്നൂര്‍ ബ്രാഞ്ചുകള്‍ പൂട്ടിയിരുന്നു. ഇവയുടെ ഭൂമിയും ആസ്‌തികളും വില്‍പ്പന നടത്തുകയും ചെയ്‌തു.

എന്നാല്‍ തനിക്കെതിരായ കേസ്‌ രാഷ്ട്രീയപ്രേരിതമാണ്‌ എന്നാണ്‌ എംഎല്‍എ പറയുന്നത്‌. സ്ഥാപനം നഷ്ടത്തിലായതുകൊണ്ടാണ്‌ നിക്ഷേപകര്‍ക്ക്‌ ലാഭവിഹിതം നല്‍കാന്‍ കഴിയാതിരുന്നത്‌. പ്രശ്‌നങ്ങള്‍ ആളുകളെ ബോധ്യപ്പെടുത്തി പരിഹരിക്കാനുള്ള ശ്രമത്തിലാണ്‌. അതിനിടയില്‍ ചില നിക്ഷേപകരെ ഉപയോഗപ്പെടുത്തിയും പൊലീസിനെ സ്വാധീനിച്ചും സിപിഎം നടത്തുന്ന കളിയാണ്‌ കേസിലെത്തിച്ചതെന്ന്‌ ഖമറുദ്ദീന്‍ പറയുന്നു.