Thu. Dec 19th, 2024

തിരുവനന്തപുരം:

ഓണക്കാലത്ത് സർക്കാർ അനുവദിച്ച കൊവിഡ് നിയന്ത്രണ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ സെപ്റ്റംബർ 2 വരെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പൊതുഗതാഗതമാകാം എന്നാണ് സർക്കാർ നിർദ്ദേശം.

കെഎസ്ആർടി ദീർഘദൂര സർവീസുകൾ ആരംഭിച്ചു. പ്രധാന ഡിപ്പോകളിൽ നിന്ന് ചെന്നൈ, ബെംഗളുരു എന്നീ നഗരങ്ങളിലേക്കും സർവീസുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതുഗതാഗതം ഉണ്ടാകും.

മാളുകൾ ഹൈപ്പർമാർക്കറ്റുകളും ഉൾപ്പടെ വ്യാപാരശാലകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറക്കാം. സ്ഥാപനത്തിന്റെ വലിപ്പം അനുസരിച്ചാകും ഒരേസമയം എത്ര ആളുകളെ പ്രവേശിപ്പിക്കാം എന്ന് കണക്കാക്കുന്നത്. നിശ്ചിത സമയം മാത്രം ഉപഭോക്താക്കൾക്ക് കടയിൽ ചിലവഴിക്കാൻ സാധിക്കൂ. കണ്ടൈൻറ്മെൻറ് സോണുകളിൽ ഇളവുകൾ ബാധകമല്ല.

ഭക്ഷണശാലകൾക്ക് അകലം ഉറപ്പാക്കി രാത്രി 9 മണി വരെ പ്രവർത്തിക്കാം. ഓണസദ്യകൾക്ക് പക്ഷേ ആൾക്കൂട്ടം പാടില്ല. ബാങ്ക്, ഇൻഷൂറൻസ് കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.

ഉത്രാടദിവസം, ഓണക്കിറ്റ് വിതരണത്തിനായി റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. കിറ്റ് കിട്ടാത്ത എഎവൈ, പിഎച്ച്എച്ച് വിഭാഗക്കാർക്ക് ഇനിയും വാങ്ങാം. തിരുവോണ നാളിൽ റേഷൻ കടകൾ ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കച്ചവടക്കാർക്ക് ഇ- ജാഗ്രത റജിസ്ട്രേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ വില്പ്പന നടത്താൻ സാധിക്കൂ.