Fri. Nov 22nd, 2024

ടോക്യോ:

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കുന്നു. ഭരണ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അടിയന്തര യോഗത്തിലാണ്‌ ഷിന്‍സോ ആബെ രാജിവെക്കാനുള്ള തീരുമാനം അറിയിച്ചത്‌. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹിരോഷികെ സെകെയാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ ആബെ വാര്‍ത്താ സമ്മേളനം നടത്താനിരിക്കെയാണ്‌ രാജി വാര്‍ത്ത പുറത്തുവന്നത്‌. അടുത്തിടെ രണ്ടു തവണ അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന്‌ അദ്ദേഹത്തെ കുറച്ചുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജപ്പാന്‍ കോവിഡ്‌ അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ്‌ പ്രധാനമന്ത്രിയുടെ രാജി തീരുമാനം. ആബേ രാജിവെച്ചാല്‍ ധനമന്ത്രി താരോ ആസോ പകരം പ്രധാനമന്ത്രിയാകുമെന്നാണ്‌ സൂചന.