Thu. Jan 23rd, 2025

മുംബൈ:

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷകന്‍റെ വെളിപ്പെടുത്തൽ. വിദേശത്ത് നിന്നെത്തിച്ച ഹാഷിഷ് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തൽ.  മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ നാർകോട്ടിക്  കൺട്രോൾ ബ്യൂറോ കേസെടുത്തിട്ടുണ്ട്.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും സിബിഐക്കും പിന്നാലെ മൂന്നാമത്തെ കേന്ദ്ര ഏജൻസിയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാർകോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ നാളെ മുംബൈയിലെത്തും.

ഒൻപത് മാസം മുൻപ് വരെ സുശാന്തിന്‍റെ അംഗരക്ഷകനായിരുന്ന മുഷ്‍താഖ് ആണ് ഒരു ദേശീയ ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ലഹരി വിളമ്പുന്ന പാർട്ടികളിൽ താരവും കാമുകി റിയ ചക്രബർത്തിയും പങ്കെടുക്കാറുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. വിലകൂടിയ ഹാഷിഷ് ഇതിനായി എത്തിക്കാറുണ്ട്. എന്നാൽ ഇതെല്ലാം കള്ളമെന്ന് സുശാന്തിനൊപ്പമുണ്ടായിരുന്ന സഹായി അങ്കിത് ആചാര്യ പറഞ്ഞു. അതേസമയം, ലഹരി വസ്തുക്കൾ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകൾ ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.