Thu. Jan 23rd, 2025

തിരുവനന്തപുരം/കണ്ണൂർ:

സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തും കണ്ണൂരിലും ബിജെപി-യുവമോര്‍ച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കണ്ണൂരിൽ കളക്ട്രേറ്റിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ  പൊലീസ് ലാത്തി വീശുകയും ജലപ്പീരങ്കി പ്രയോഗിക്കയും ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അഡ്വ.പ്രകാശ് ബാബു , ജില്ലാ പ്രസിഡൻ്റ് എൻ ഹരി എന്നിവർ അറസ്റ്റിലായി.

അതേസമയം, കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ യുത്ത് കോൺഗ്രസും പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ പ്രതിഷേധവും അക്രമത്തിൽ കലാശിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ചു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.