Sun. Dec 22nd, 2024
തിരുവനന്തപുരം:

 
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘമെത്തി. എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ഫോറൻസിക് സംഘവും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. എഡിജിപി മനോജ് എബ്രഹാം സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാന ഫയലുകൾ നശിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആക്ഷേപം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതോടെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും രാത്രി തന്നെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപ്പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് സംഘം സെക്രട്ടറിയേറ്റിൽ ഇന്നലെയെത്തി പരിശോധന നടത്തിയിരുന്നു.