Sun. Nov 17th, 2024

ന്യൂഡെല്‍ഹി:

ജനങ്ങള്‍ക്ക്‌ ദുരിതമുണ്ടാകാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ ആണെന്ന്‌ സുപ്രീം കോടതി. ബാങ്ക്‌ വായ്‌പകള്‍ക്ക്‌ മോറട്ടോറിയം കാലത്ത്‌ പലിശ ഒവിവാക്കുന്നതിലുള്ള തീരുമാനം വൈകുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം നോക്കുന്നതാകരുത്‌ സര്‍ക്കാര്‍ നയമെന്ന്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷന്റെ അധ്യക്ഷതയിലുള്ള ബഞ്ച്‌ ഓര്‍മിപ്പിച്ചു. ലോക്‌ഡൗണ്‍ കാലത്തെ വായ്‌പാ പലിശ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

മോറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌. സര്‍ക്കാരിന്‌ ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. തീരുമാനം എടുക്കാതെ റിസര്‍വ്‌ ബാങ്കിന്‌ പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുനിന്നിട്ട്‌ കാര്യമില്ല. സെപ്‌റ്റംബര്‍ ഒന്നിനകം സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു.

റിസര്‍വ്‌ ബാങ്കിന്‌ പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുനില്‍ക്കുന്നുവെന്ന കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. റിസര്‍വ്‌ ബാങ്കും സര്‍ക്കാരും സഹകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഹര്‍ജി സെപ്‌റ്റംബര്‍ ഒന്നിന്‌ വീണ്ടും പരിഗണിക്കും. അതിനകം നിലപാട്‌ വ്യക്തമാക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു.