Mon. Dec 23rd, 2024

ഡൽഹി:

ഇന്ത്യയിൽ അടുത്ത മാസം നടക്കാൻ പോകുന്ന നീറ്റ്-ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് അന്താരാഷ്ട്ര പാരിസ്ഥിതിക പ്രവർത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. കൊവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു തുന്‍ബര്‍ഗ്.

കോടിക്കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാർത്ഥികളോട് പരീക്ഷയ്‌ക്കെത്താന്‍ പറയുന്നത് ന്യായമല്ല. പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കാനുള്ള പ്രതിഷേധങ്ങളില്‍ താനും പങ്കുചേരുന്നുവെന്നാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്.

രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബർ ആദ്യവാരവും നീറ്റ് പ്രവേശന പരീക്ഷ സെപ്തംബര്‍ 13നും നടത്താനാണ് നിലവിലെ തീരുമാനം. ജെഇഇ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്  നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വിദ്യാർത്ഥികൾ ഹർജി നൽകിയിട്ടും അനുകൂലമായ വിധിയുണ്ടായില്ല.

ഇതിനെതിരെ വിദ്യാർത്ഥികളുടെയും രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നും പ്രതിഷേധമുയരുന്നുണ്ട്. അതിനെ പിന്തുണച്ചാണ് കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന സ്വീഡൻ സ്വദേശിയായ 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗും എത്തിയിരിക്കുന്നത്.