തിരുവനന്തപുരം:
എംപി വിരേന്ദ്ര കുമാറിന്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ 81 എംഎൽഎമാർ വോട്ട് ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥിയായി വിരേന്ദ്ര കുമാറിന്റെ തന്നെ മകനും എൽജെഡി നേതാവുമായ എംവി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്.
എൽഡിഎഫിന്റെ 50 അംഗങ്ങളും യുഡിഎഫിന്റെ 30 അംഗങ്ങളുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണിയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നൽകിയിട്ടുണ്ട്.
ധനബിൽ ചർച്ചയിൽ നിന്നും വിട്ട് നിൽക്കുന്ന ജോസ് വിഭാഗം എംഎൽഎമാർ അവിശ്വാസ പ്രമേയ ചർച്ചയിലും പങ്കെടുക്കില്ല. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.